National
ത്രിപുര മുഖ്യമന്ത്രിയായി ഡോ. മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ന് രാവിലെ 11.30 ന് രാജ് ഭവനിലാണ് ചടങ്ങ്
അഗര്‍ത്തല | ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.30 ന് രാജ് ഭവനിലാണ് ചടങ്ങ്. അതേ സമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തല്‍ എംഎല്‍എ മാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ കൈയാംകളിയും ഉണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം. മന്ത്രി രാംപ്രസാദ് പോള്‍ കസേര എടുത്ത് നിലത്തടിച്ചു. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോള്‍.പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന് എംഎല്‍എമാര്‍ ആരോപിച്ചു.
സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയെ മാറ്റിയുള്ള ബിജെപി യുടെ പരീക്ഷണം. സമീപകാലത്ത് മറ്റ് പല സംസ്ഥാനങ്ങളില്‍ ഫലം കണ്ട തന്ത്രം ത്രിപുരയിലും വിജയിക്കും എന്ന പ്രതീക്ഷിയിലാണ് ബിജെപി. സിപിഎമ്മും, തൃണമൂല്‍ കോണ്‍ഗ്രസും, ഭരണ വിരുദ്ധ വികാരവും ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ ഏറെ, ആഭ്യന്തര പ്രശ്നങ്ങളെ മറികടക്കാനാണ് ഈ നീക്കം.