National
ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും, നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ്
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും.
ന്യൂഡൽഹി |വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ അടുത്തമാസം 16നും മേഘാലയയിലും നാഗാലാൻഡിലും അടുത്തമാസം 27നുമാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലും മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
മൂന്ന് സംസ്ഥാനങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കും. ഇതിൽ 31.47 ലക്ഷം പേർ സ്ത്രീ വോട്ടർമാരാണ്. 97,000 പേർ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഇവരിൽ 2,600 പേർ നൂറ് വയസ്സ് കടന്നവരുമാണ്. 31,700 പേര ഭിന്നശേഷി വോട്ടർാമരുമുണ്ട്. കന്നി വോട്ടർമാരുടെ എണ്ണം 1.76 ലക്ഷം.
നാഗാലാൻഡിൽ 2315 പോളിംഗ് സ്റ്റേഷനുകളും മേഘാലയയിൽ 3482 പോളിംഗ് സ്റ്റേഷനുകളും ത്രിപുരയിൽ 3,328 പോളിംഗ് സ്റ്റേഷനുകളും ഉണ്ടാകും. 371 പോളിംഗ് സ്റ്റേഷനുകൾ സ്ത്രീകളുടെ നിയന്ത്രണത്തിലാകും പ്രവർത്തിക്കുക.
നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ അഞ്ച് വര്‍ഷത്തെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളില്‍ അവസാനിക്കും. ഇതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.