First Gear
നിരത്തിൽ രാജാവാകാൻ ട്രയംഫ്; സ്‌പീഡ് ട്വിൻ 1200 പുതിയ പതിപ്പ് ഇന്ത്യയിൽ
ട്രയംഫ് സ്‌പീഡ് ട്വിൻ 1200ന് മുൻ മോഡലിന് സമാനമായ 1200 സിസി, പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ പുതുക്കിയ മോഡലിന്‍റെ എഞ്ചിന് പുതിയ കാംഷാഫ്‌റ്റും സ്‌പോർട്ടിയർ ട്യൂണും നൽകിയിട്ടുണ്ട്.

ബംഗളൂരു | ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാനുള്ള ശ്രമത്തിലാണ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾ. ഇതിന്‍റെ ഭഗാമായി തങ്ങളുടെ സ്‌പീഡ് ട്വിൻ 1200ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതുക്കിയ ബൈക്കിന്‍റെ സ്റ്റാൻഡേർഡ് പതിപ്പിന് 12.75 ലക്ഷം രൂപയും ഹൈ-സ്പെക്ക് ആർഎസ് വേരിയന്‍റിന് 15.50 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. രണ്ട് മോഡലുകളുടെയും എഞ്ചിൻ, ഡിസൈൻ, ഫീച്ചർ എന്നിവ ഏകദേശം സമാനമാണ്.
ട്രയംഫ് സ്‌പീഡ് ട്വിൻ 1200ന് മുൻ മോഡലിന് സമാനമായ 1200 സിസി, പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ പുതുക്കിയ മോഡലിന്‍റെ എഞ്ചിന് പുതിയ കാംഷാഫ്‌റ്റും സ്‌പോർട്ടിയർ ട്യൂണും നൽകിയിട്ടുണ്ട്. 7,750 ആർപിഎമ്മിൽ 103.5 ബിഎച്ച്പി പവറും 4,250 ആർപിഎമ്മിൽ 112 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതാണ് പുതിയ ട്രയംഫ് സ്‌പീഡ് ട്വിൻ 1200, ട്രയംഫ് സ്‌പീഡ് ട്വിൻ 1200 ആർഎസ് മോഡലുകളുടെ എഞ്ചിൻ.
പുതുക്കിയ മോഡലിന് 4.9 ബിഎച്ച്പി കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റാൻഡേർഡ് വേരിയന്‍റും ഹൈ-സ്പെക്ക് വേരിയന്‍റും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6 സ്‌പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കിയിട്ടുണ്ട്. അതേസമയം ആർഎസ് വേരിയന്‍റിന് മാത്രമേ ബൈഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ ലഭിക്കൂ. ക്വിക്ക് ഷിഫ്റ്റർ ഫീച്ചറുള്ള ട്രയംഫിൻ്റെ ആദ്യ നിയോ റെട്രോ ബൈക്കാണ് ട്രയംഫ് സ്‌പീഡ് ട്വിൻ 1200 ആർഎസ്. സ്റ്റാൻഡേർഡ് വേരിയന്‍റിൽ വ്യത്യസ്‌ത ഫുട്‌പെഗ് പ്ലേസ്‌മെൻ്റ് ഉള്ളതിനാൽ തന്നെ ക്വിക്ക് ഷിഫ്റ്റർ ഘടിപ്പിക്കാനാവില്ല.
ട്രയംഫ് സ്‌പീഡ് ട്വിൻ 1200ന്‍റെ ഇൻസ്‌ട്രുമെന്‍റേഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്വിൻ ഡിജി-അനലോഗ് ഡയലുകൾക്ക് പകരം ട്രൈഡൻ്റ് 660 മോഡലിലുള്ള എൽസിഡി/ടിഎഫ്‌ടി യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത് രണ്ട് വേരിയന്‍റുകളിലും സ്വിച്ച് ഗിയർ സമാനമാണ്. കൂടാതെ യുഎസ്ബി-സി ചാർജിങ് പോർട്ട് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
പൂർണ്ണമായും ക്രമീകരിക്കാവുന്ന മാർസോച്ചി ഫോർക്ക്, ഓഹ്ലിൻസ് ഷോക്ക് അബ്സോർബറുകൾ, 320 എംഎം ഡിസ്‌ക്കുകളുള്ള ബ്രെംബോ സ്റ്റൈൽമ കാലിപ്പറുകൾ തുടങ്ങിയവയാണ് ആർഎസ് മോഡലിൽ നർകിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് വേരിയന്‍റ് വെള്ള, ചുവപ്പ്, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. അതേസമയം ട്രയംഫ് സ്‌പീഡ് ട്വിൻ 1200ന്‍റെ ആർഎസ് വേരിയന്‍റ് കറുപ്പ്, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലും ലഭ്യമാകും.