Connect with us

Articles

എക്‌സിറ്റ് പോളിലെ ശരിയും തെറ്റും

ഏജന്‍സികള്‍ പുറത്തുവിടുന്ന എക്‌സിറ്റ് പോള്‍ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചാലും ഇത് നിലവിലെ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി അറിയാനുള്ള ഏറ്റവും നല്ല സംവിധാനമാണ്. എക്‌സിറ്റ് പോള്‍ ഏജന്‍സികളെ തങ്ങളുടെ നേട്ടത്തിനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താറുണ്ട് എന്ന ആരോപണം നിലനില്‍ക്കെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇതുവരെ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനം ഏറെയും കൃത്യമായിരുന്നു.

Published

|

Last Updated

ഴ് ഘട്ടങ്ങളിലായി നടന്ന പോളിംഗ് അവസാനിച്ചു. പ്രതീക്ഷിച്ചതു പോലെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകളും പുറത്തുവന്നു. ആ കണക്കുകള്‍ തെറ്റാനും ശരിയാകാനും സാധ്യതയുണ്ട്. എക്‌സിറ്റ് പോള്‍ കാലാവസ്ഥാ പ്രവചനം പോലെയാണ്. ചിലപ്പോള്‍ കാലാവസ്ഥാ പ്രവചനം കൃത്യവും ചിലപ്പോള്‍ അതിനോട് അടുത്തും മറ്റു ചിലപ്പോള്‍ പ്രവചനത്തിന് എതിരുമായിരിക്കും. എക്സിറ്റ് പോളും ഇതുപോലെയാണ്. പ്രവചനത്തില്‍ പിഴവ് പറ്റാറുണ്ടെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മേല്‍ കുറ്റം ആരോപിക്കാറില്ല.

ഏജന്‍സികള്‍ പുറത്തുവിടുന്ന എക്‌സിറ്റ് പോള്‍ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചാലും ഇത് നിലവിലെ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി അറിയാനുള്ള ഏറ്റവും നല്ല സംവിധാനമാണ്. എക്‌സിറ്റ് പോള്‍ ഏജന്‍സികളെ തങ്ങളുടെ നേട്ടത്തിനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താറുണ്ട് എന്ന ആരോപണം നിലനില്‍ക്കെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇതുവരെ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനം ഏറെയും കൃത്യമായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 339-365 സീറ്റുകളും യു പി എ 77-108 സീറ്റുകളും നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍ ഡി എ 350 സീറ്റിലും യു പി എ 92 സീറ്റിലും മറ്റുള്ളവര്‍ 100 സീറ്റിലും വിജയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനവും ഏതാണ്ട് ശരിയായിരുന്നു. എന്‍ ഡി എക്ക് 249-340ഉം യു പി എക്ക് 70-148ഉം മറ്റുള്ളവര്‍ക്ക് 133-165ഉം സീറ്റുകള്‍ കിട്ടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഫലം പ്രഖ്യാപിച്ചപ്പോള്‍ എന്‍ ഡി എക്ക് 336ഉം യു പി എക്ക് 66ഉം മറ്റുള്ളവര്‍ക്ക് 147ഉം സീറ്റുകള്‍ ലഭിച്ചു.

കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ടൈംസ് നൗ, ഇന്ത്യാ ടുഡേ, ആക്‌സസ് മൈ ഇന്ത്യ, റിപബ്ലിക് ടി വി, സി എന്‍ എക്‌സ്, ചാണക്യ ഇന്ത്യ എന്നീ ഏജന്‍സികളുടെ പ്രവചനം 76-88 സീറ്റുകള്‍ വരെ എല്‍ ഡി എഫ് നേടുമെന്നും 28-62 സീറ്റ് വരെ യു ഡി എഫ് നേടുമെന്നുമായിരുന്നു. എണ്ണത്തില്‍ മാറ്റം വന്നുവെങ്കിലും എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തി. ഏജന്‍സികളുടെ പ്രവചനത്തില്‍ പിഴവ് പറ്റിയത് ബി ജെ പിയുടെ കാര്യത്തിലാണ്. ടൈംസ് നൗ ഒന്നും റിപബ്ലിക് ടി വി രണ്ടും ചാണക്യ ഇന്ത്യ മൂന്നും സീറ്റുകള്‍ ബി ജെ പി നേടുമെന്ന് പ്രവചിച്ചുവെങ്കിലും ഏക സീറ്റായ നേമം പോലും ബി ജെ പിക്ക് നഷ്ടപ്പെട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവചനവും എല്‍ ഡി എഫ് കൂടുതല്‍ സീറ്റ് നേടുമെന്നായിരുന്നു.

അതേസമയം 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ പ്രവചനം അമ്പേ പരാജയമായിരുന്നു. വാജ്പയ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചനം. എന്‍ ഡി ടി വി- എ സി നെയില്‍സണ്‍ സര്‍വേ എന്‍ ഡി എക്ക് 230 മുതല്‍ 250 വരെ സീറ്റുകളാണ് പ്രവചിച്ചത്. മറ്റു ഏജന്‍സികളുടെ പ്രവചനവും എന്‍ ഡി എ ഭൂരിപക്ഷം നേടുമെന്നായിരുന്നു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ്സ് 145 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി ജെ പിക്ക് ലഭിച്ചത് 138 സീറ്റുകളാണ്.

തൊട്ടടുത്ത 2009ലെ തിരഞ്ഞെടുപ്പില്‍ പ്രവചിച്ച കണക്കുകളില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച മുന്നണികളെ കുറിച്ചുള്ള പ്രവചനം തെറ്റിയില്ല. എന്‍ ഡി എ 165-195ഉം യു പി എ 185-205ഉം സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. ഫലപ്രഖ്യാപനം എന്‍ ഡി എ 159, യു പി എ 262 എന്നായിരുന്നു.

പ്രീപോള്‍ സര്‍വേ, എക്സിറ്റ് പോള്‍ സര്‍വേ എന്നത് തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ കേള്‍ക്കുന്ന രണ്ട് വാക്കുകളാണ്. വോട്ടെടുപ്പിന് മുമ്പ് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് തയ്യാറാക്കുന്നതാണ് പ്രീപോള്‍ സര്‍വേകള്‍. പോളിംഗ് ദിവസം മുതല്‍, വോട്ട് രേഖപ്പെടുത്തിയവരോട് ആര്‍ക്ക് വോട്ട് ചെയ്തു എന്ന് ചോദിച്ചറിഞ്ഞ് തയ്യാറാക്കുന്നതാണ് എക്സിറ്റ് പോള്‍ സര്‍വേ.

നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ആണ് സര്‍വേ നടത്താറുള്ളത്. നേരത്തേയുണ്ടായിരുന്ന രീതി വോട്ട് രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയവരെ സമീപിച്ച് അഭിപ്രായം ശേഖരിക്കലായിരുന്നു. എക്‌സിറ്റ് പോളുകള്‍ നടത്തുന്ന ഏജന്‍സികള്‍ അവരുടെ ആളുകളെ പോളിംഗ് ബൂത്തിന് പുറത്ത് നിര്‍ത്തുന്നു. വോട്ട് ചെയ്ത് പുറത്ത് വരുമ്പോള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കും. സര്‍വേ നടത്തുന്നത് ഇരു ഗ്രൂപ്പുകള്‍ക്കും തുല്യ ശക്തിയുള്ള പ്രദേശങ്ങളിലായിരിക്കും.

അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത് ബൂത്തില്‍ നിന്ന് പുറത്തു വരുന്ന പത്തോ പതിനഞ്ചോ പേരില്‍ ഒരാളെ വീതം സമീപിച്ചായിരിക്കും. വിജയിക്കുന്നത് ആര് എന്നതോടൊപ്പം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആരായിരിക്കണമെന്ന ചോദ്യവും ഈ സര്‍വേയുടെ ഭാഗമായി ചിലര്‍ ഉള്‍പ്പെടുത്താറുണ്ട്. സര്‍വേ റിപോര്‍ട്ട് പരസ്യമാക്കുന്നതിനു മുമ്പ് ഓരോ ഘട്ടങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി റിപോര്‍ട്ട് ആവശ്യപ്പെടുന്ന പതിവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി റിപോര്‍ട്ടിനെ ആശ്രയിക്കുന്നത് ജനവികാരം മനസ്സിലാക്കി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റുന്നതിനാണ്.

ഇന്ത്യയില്‍ എക്‌സിറ്റ് പോള്‍ സര്‍വേ നടത്തുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ അനുസരിച്ചാണ്. സര്‍വേ തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കരുത് എന്നാണ് ചട്ടം. അവസാന വോട്ടും രേഖപ്പെടുത്തി പോളിംഗ് അവസാനിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടുള്ളൂ. കൂടാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന്, സര്‍വേ ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി തേടുകയും വേണം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപീനിയന്‍ 1957ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നിലപാടറിയാന്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ എറിക് ഡികോസ്റ്റയുടെ നേതൃത്വത്തിലായിരുന്നു ഇത്. ആ സര്‍വേ അപൂര്‍ണമായിരുന്നു. ഇന്ത്യയില്‍ എക്‌സിറ്റ് പോളിന് വിശ്വാസ്യത കൈവന്നത് പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനും എന്‍ ഡി ടി വി സ്ഥാപകനുമായ പ്രണായ് റോയ് 1980ല്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ്.

കോണ്‍ഗ്രസ്സിന് ആദ്യമായി ഭരണം നഷ്ടപ്പെട്ട 1977ലെ തിരഞ്ഞെടുപ്പിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി തിരിച്ചു വരുമെന്നും കോണ്‍ഗ്രസ്സിനും മറ്റു പാര്‍ട്ടികള്‍ക്കും എത്ര സീറ്റുകളാണ് ലഭിക്കുകയെന്നുമുള്ള പ്രണായ് റോയിയുടെ പ്രവചനം പൂര്‍ണമായും ശരിവെക്കുന്നതായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് ഫലം. പ്രണായ് റോയ് 1984ല്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനവും പിഴവില്ലാത്തതായിരുന്നു. അതിനുശേഷം ദൂരദര്‍ശന്‍ 1996ല്‍ ഒരു എക്‌സിറ്റ് പോള്‍ നടത്തി. ഈ സര്‍വേക്ക് നേതൃത്വം നല്‍കിയത് മാധ്യമ പ്രവര്‍ത്തക നളിനി സിംഗ് ആയിരുന്നു.

ഡാറ്റ ശേഖരിക്കുന്നതിനായി നളിനി സിംഗിനെ സഹായിച്ചത് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സ്റ്റഡീസ് (CSDS) ആയിരുന്നു. തുടക്കത്തില്‍ ഒന്നോ രണ്ടോ എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഒരു ഡസനിലേറെ ഏജന്‍സികള്‍ ഈ രംഗത്തുണ്ട്. പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ സി-വോട്ടര്‍, ആക്‌സിസ് മൈ ഇന്ത്യ, സി എന്‍ എക്‌സ് എന്നിവയാണ്. പല മാധ്യമ സ്ഥാപനങ്ങളും ഈ ഏജന്‍സികളുടെ സഹകരണത്തോടെയാണ് സര്‍വേ നടത്താറുള്ളത്.

ഇന്ത്യക്ക് പുറമെ പല രാജ്യങ്ങളിലും എക്സിറ്റ് പോള്‍ സര്‍വേ നടത്തിവരുന്നു. അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും എക്‌സിറ്റ് പോള്‍ നടത്തുന്നു. 1936ല്‍ അമേരിക്കയിലാണ് ആദ്യത്തെ എക്‌സിറ്റ് പോള്‍ നടത്തിയത്.

ജോര്‍ജ് ഗാലപ്പും ക്ലോഡ് റോബിന്‍സണും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു തിരഞ്ഞെടുപ്പ് സര്‍വേ നടത്തി. വോട്ട് ചെയ്യാന്‍ വന്ന വോട്ടര്‍മാരോട് ചോദിച്ചത് ഏത് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത് എന്നായിരുന്നു. ഈ ചോദ്യത്തിനു ലഭിച്ച ഉത്തരത്തെ അടിസ്ഥാനമാക്കി അമേരിക്കന്‍ പ്രസിഡന്റായി ഫ്രാങ്ക്‌ലിന്‍ റൂസ്സ്‌വെല്‍ട്ടിനെ വിജയിയായി പ്രവചിച്ചു. ആ പ്രവചനം തെറ്റിയില്ല. 1937ല്‍ ബ്രിട്ടനിലും 1938ല്‍ ഫ്രാന്‍സിലും ഇതുപോലുള്ള സര്‍വേ നടത്തുകയുണ്ടായി.

ഇന്ത്യയിലെ മറ്റു ചില പ്രധാന
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

2021ല്‍ കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്നു. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിലായിരുന്നു. 292 സീറ്റുകളുള്ള നിയമസഭയില്‍ മിക്ക ഏജന്‍സികളും 100ല്‍ അധികം സീറ്റുകള്‍ ബി ജെ പിക്ക് ലഭിക്കുമെന്ന് പ്രവചിക്കുകയുണ്ടായി.

ജാന്‍ കി ബാത്ത് എന്ന ഏജന്‍സി ബി ജെ പിക്ക് 174 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിച്ചു. ചില ഏജന്‍സികള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ലീഡ് ലഭിക്കുമെന്ന് പ്രവചിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ ആദ്യമായി ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രവചിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനം മമതാ ബാനര്‍ജിയുടെ ടി എം സിക്ക് അനുകൂലമായിരുന്നു. ബി ജെ പിക്ക് ലഭിച്ചത് 75 സീറ്റാണ്.

2023 ഏപ്രില്‍-മെയ് മാസങ്ങളിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ കോണ്‍ഗ്രസ്സിന്റെ പ്രകടനം ബി ജെ പിയേക്കാള്‍ മികച്ചതായിരിക്കുമെന്ന് മിക്ക ഏജന്‍സികളും പ്രവചിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ വിജയം ഏജന്‍സികള്‍ പ്രവചിച്ചതിനപ്പുറമായിരുന്നു. 224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ 136 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് വന്‍ വിജയം കാഴ്ചവെച്ചു. ബി ജെ പിക്ക് 65 സീറ്റും ജനതാദള്‍ എസിന് 19 സീറ്റും മാത്രമാണ് നേടാനായത്.

ഏറ്റവും അവസാനം കഴിഞ്ഞ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഛത്തീസ്ഗഢ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജനവിധി എക്‌സിറ്റ് പോള്‍ പ്രവചനം ശരിവെക്കുന്നതായിരുന്നു.

എന്നാല്‍ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു ഏജന്‍സികള്‍ പ്രവചിച്ചത്. ചില ഏജന്‍സികള്‍ കോണ്‍ഗ്രസ്സിന് ലീഡ് പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ 90ല്‍ 54 സീറ്റുകള്‍ നേടി ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചു. കോണ്‍ഗ്രസ്സിന് ലഭിച്ചത് 35 സീറ്റുകളാണ്.

Latest