International
ട്രംപിന്റെ ഇരുട്ടടി: ഇന്ത്യക്ക് 26 ശതമാനം തീരുവ ചുമത്തി
വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്

വാഷിങ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിദേശ രാജ്യങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്.
അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി. ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യന്‍ യൂണിയന് 20 ശതമാനം, ജപ്പാന് 24 ശതമാനം എന്നിങ്ങനെയാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.
വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ നിര്‍മാണ മേഖല പുനരുജ്ജീവിപ്പിക്കാനും വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്.
യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു. ഡൗ ജോണ്‍സ് സൂചിക 256 പോയിന്റും നാസ്ഡാക് സൂചിക രണ്ടര ശതമാനവും ഇടിഞ്ഞു.
ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടോമൊബൈല്‍ ഇറക്കുമതിക്ക് ഇതിനകം അമേരിക്ക അധിക തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ ട്രംപ്, അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്നും വ്യക്തമാക്കി.