International
ട്രംപിന്റെ സത്യപ്രതിജ്ഞ ഉടന്‍; അതിഥി പട്ടികയില്‍ വി ഐ പികള്‍
സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, രാഷ്ട്ര തലവന്മാര്‍ തുടങ്ങി നിരവധി പേരെ റിപബ്ലിക്കന്‍ പാര്‍ട്ടി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഡി സി | അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് മിനുട്ടുകള്‍ക്കകം സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കയില്‍ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇത് രണ്ടാം തവണയാണ് അധികാരമേല്‍ക്കുന്നത്. രണ്ടാംവരവിലും വന്‍ ആഘോഷത്തോടെയാണ് സത്യപ്രതിജ്ഞ.
പരിപാടിയില്‍ പങ്കെടുക്കാന്‍ വി ഐ പികളുടെ നീണ്ടനിര തന്നെയുണ്ട്. സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, രാഷ്ട്ര തലവന്മാര്‍ തുടങ്ങി നിരവധി പേരെ റിപബ്ലിക്കന്‍ പാര്‍ട്ടി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശതകോടീശ്വരന്മാരായ എലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ചൈനീസ് സോഷ്യല്‍ മീഡിയ ഭീമനായ ടിക് ടോക്കിന്റെ തലവന്‍ ഷൗ ച്യൂവും പങ്കെടുക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
2020-ല്‍ തന്നെ തോല്‍പ്പിച്ചപ്പോള്‍ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രംപ് വിസമ്മതിച്ചെങ്കിലും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങില്‍ പങ്കെടുക്കും. ജീവിച്ചിരിക്കുന്ന മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നിവരും പങ്കെടുക്കും. മിഷേല്‍ ഒബാമ ഒഴികെ മറ്റുള്ളവരുടെ ഭാര്യമാരും സംബന്ധിക്കും.
2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍പ്പിച്ച ഹിലരി ക്ലിന്റണ്‍, നവംബറില്‍ അദ്ദേഹം തോല്‍പ്പിച്ച വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.
പരമ്പരാഗതമായി രാഷ്ട്രത്തലവന്മാരെ അമേരിക്കല്‍ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാറില്ല. എന്നാല്‍ ട്രംപ് കുറേയധികം വിദേശ നേതാക്കളെ ക്ഷണച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോണി പങ്കെടുക്കുമെന്ന് അവരുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ചൈനയുടെ വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.