Connect with us

Articles

ട്രംപിന്റെ പട്ടാഭിഷേകം

ലോക നേതാക്കളില്‍ ചിലരെ ട്രംപ് നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ പട്ടാഭിഷേകത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെയുള്ള വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റിനെ ട്രംപ് ക്ഷണിച്ചത് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Published

|

Last Updated

ലോകം മറ്റൊരു പട്ടാഭിഷേകത്തിന്റെ കെട്ടുകാഴ്ചക്കൊരുങ്ങുകയാണ്. അമേരിക്കയുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപും കൂട്ടരും. ലോസ് ഏഞ്ചല്‍സ് കത്തിയെരിയുന്നതോ അഗ്നിബാധയില്‍ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യുന്നവരുടെ സങ്കടമോ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണത്തിലെ മുറിപ്പാടുകളോ ട്രംപ് തന്റെ പട്ടാഭിഷേകത്തിന് തടസ്സമായി കാണുന്നില്ല. മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണത്തില്‍ രാജ്യം ഒരു മാസം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു മാസം പതാക പകുതി താഴ്ത്തിക്കെട്ടും. കാര്‍ട്ടര്‍ മരണപ്പെട്ടത് ഡിസംബര്‍ 29നാണ്. തന്റെ സ്ഥാനാരോഹണ സമയത്ത് പതാക താഴ്ത്തിക്കെട്ടുന്നതിലെ അനിഷ്ടം ട്രംപ് അറിയിച്ചിട്ടുണ്ട്. അതാണ് ട്രംപ്. പൊതുരീതികളില്‍ നിന്ന് മാറി സഞ്ചരിക്കുമ്പോള്‍ മാത്രമേ ഡൊണാള്‍ഡ് ട്രംപ് ട്രംപാകുകയുള്ളൂ. കൂടാതെ ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച അമേരിക്കയില്‍ ഫെഡറല്‍ അവധി ദിനമാണ്. കറുത്ത വര്‍ഗക്കാരുടെ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഓര്‍മനാള്‍. ഔദ്യോഗിക ആഘോഷങ്ങള്‍ ഈ ദിവസം നടത്താറില്ല.

ജനുവരി 20 അമേരിക്കന്‍ സമയം പകല്‍ 12 (ഇന്ത്യന്‍ സമയം രാത്രി 10.30)നാണ് സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട് ക്യാപിറ്റോള്‍ ബില്‍ഡിംഗിലെ ചടങ്ങില്‍ വെച്ച് സത്യവാചകം ചൊല്ലി കൊടുക്കും. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ട്രംപിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ലോക നേതാക്കളില്‍ ചിലരെ ട്രംപ് നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ പട്ടാഭിഷേകത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. ഗ്രാമി അവാര്‍ഡ് ജേതാവ് രാജ്യത്തെ പ്രമുഖ ഗായിക കാറി അണ്ടര്‍വുഡ്, വില്ലേജ് പീപ്പിള്‍ എന്ന ഡിസ്‌കോ ഗ്രൂപ്പിലെ വിക്ടര്‍ വില്ലീസ്, കിഡ് റോക്കി, ബില്ലി റേ സൈറസ്, ക്രിസ്റ്റഫര്‍ മച്ചിയോ തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ നൃത്ത-സംഗീത പരിപാടികളോടെയാണ് ട്രംപിന്റെ പട്ടാഭിഷേകം. കൂടാതെ വിദേശ രാഷ്ട്രത്തലവന്മാരെയും പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നതും ഇത്തരം അടിപൊളി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതും ആദ്യമാണ്. സ്ഥാനാരോഹണം നാളെയാണെങ്കിലും ആഘോഷ പരിപാടികള്‍ ശനിയാഴ്ച ആരംഭിച്ചു. വിര്‍ജീനിയയിലെ നാഷനല്‍ ഗോള്‍ഫ് ക്ലബില്‍ വെടിക്കെട്ടോടെ ട്രംപിനു നല്‍കിയ സ്വീകരണത്തോടെയാണ് തുടക്കം.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെയുള്ള വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റിനെ ട്രംപ് ക്ഷണിച്ചതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ചൈനീസ് പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. വൈസ് പ്രസിഡന്റ് ഹാന്‍ ഷെംഗ് ആയിരിക്കും പങ്കെടുക്കുക. ട്രംപിനെ പോലെ തീവ്ര വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കാറുള്ള എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഹാവിയര്‍ മെല്ലി, ഹംഗറിയുടെ വിക്ടര്‍ ഓര്‍ബന്‍ എന്നിവരെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചടങ്ങില്‍ പങ്കെടുത്തേക്കും. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് എറിക് സെമ്മൂര്‍, മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സനാരോ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ബിസിനസ്സ്-ടെക്കി മേഖലയിലെ ഭീമന്‍മാര്‍ക്കും ട്രംപിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ധനികനും ട്രംപിന്റെ ഉന്നത ഉപദേശകനുമായ ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ബെസാസ, മെറ്റയുടെ സി ഇ ഒ സുക്കര്‍ ബര്‍ഗ് അവരില്‍ ചിലരാണ്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുക്കര്‍ ബര്‍ഗ് ഗംഭീര വിരുന്നൊരുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ചത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനാണ്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചില്ല എന്നത് കൗതുകകരമാണ്. ഡിസംബര്‍ അവസാനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ജോ ബൈഡന്‍ സര്‍ക്കാറിലെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പുറമെ ഡൊണാള്‍ഡ് ട്രംപിന്റെ നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാട്ട്സനെയും ജയ്ശങ്കര്‍ കണ്ടിരുന്നു. മൈക്കിള്‍ വാട്ട്‌സനുമായുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ കൂടിക്കാഴ്ച മോദിയെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. മോദിയും ട്രംപുമായുള്ള സൗഹൃദം ഈ വാദത്തെ ബലപ്പെടുത്തുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്നയുടനെ ട്രംപ് ബന്ധപ്പെട്ട മൂന്ന് ലോക നേതാക്കളില്‍ ഒരാള്‍ നരേന്ദ്ര മോദിയാണെന്ന് ജയ്ശങ്കര്‍ ഒരു ചടങ്ങില്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് മുംബൈയില്‍ നടന്ന ആദിത്യ ബിര്‍ള സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ്പ് വിതരണ പരിപാടിയില്‍ അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.

2019ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഇന്ത്യന്‍ വംശജരുടെ യോഗത്തില്‍ മോദിയോടൊപ്പം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുകയുണ്ടായി. അര ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുത്ത പ്രസ്തുത പരിപാടി ആ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു. പരിപാടിയില്‍ വെച്ച് മോദി ട്രംപിനായി വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ‘നമസ്‌തേ ട്രംപ്’ എന്ന പേരില്‍ ട്രംപിന് ഗംഭീര സ്വീകരണം ഒരുക്കുകയും ചെയ്തു. ഇത്രയേറെ അടുപ്പമുണ്ടായിരുന്നിട്ടും ട്രംപ് തന്റെ പട്ടാഭിഷേക ചടങ്ങില്‍ നിന്ന് മോദിയെ മാറ്റി നിര്‍ത്തിയത് നാണക്കേടാണ്. അതേസമയം, ഇന്ത്യയുമായി അകലം പാലിക്കുന്ന ചൈനയെ ക്ഷണിക്കുകയും ചെയ്തു. “അമേരിക്ക ആദ്യം’ എന്ന നിലപാട് ട്രംപ് നേരത്തേ വ്യക്തമാക്കിയ നിലക്ക് ഈ പുതുബന്ധത്തില്‍ പുതുമ കാണേണ്ടതില്ല. എല്ലാം കച്ചവട കണ്ണോടെ കാണുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ കൂടിയായ ട്രംപിന്റെ ലക്ഷ്യം അമേരിക്കയുടെ താത്പര്യം മാത്രമാണ്.
ട്രംപിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ട് ഇന്ത്യ- യു എസ് ബന്ധത്തില്‍ സംഭവിച്ചേക്കാവുന്ന മാറ്റത്തിന്റെ ചൂണ്ടുപലകയായി ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സുരക്ഷാ, നയതന്ത്ര ഇടപെടലുകള്‍ക്ക് വലിയ മാറ്റം വരില്ലെങ്കിലും ട്രംപ് ചൈനയുമായി പുതിയ ചങ്ങാത്തത്തിനൊരുങ്ങുന്നുവെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ട്രംപ് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ടെലഫോണില്‍ സംസാരിക്കുകയുണ്ടായി.

മുന്‍ യു എസ് അംബാസഡറും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന മുഖവുമായ നിക്കി ഹേലിയെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന് ട്രംപ് നേരത്തേ എക്‌സില്‍ കുറിച്ചത് ഈ ലക്ഷ്യത്തോടെയായിരിക്കാം. ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഇന്ത്യയെ അനുകൂലിക്കുകയും ചൈനയെ എതിര്‍ക്കുകയും ചെയ്യുന്ന നേതാവാണ്. അമേരിക്കയും ചൈനയുമായി ഉണ്ടായേക്കാവുന്ന സൗഹൃദം ഇന്ത്യയുമായുള്ള വ്യാപാര, പ്രതിരോധ മേഖലയിലെ പങ്കാളിത്തത്തെ ബാധിച്ചേക്കാം.

ട്രംപിന്റെ ആദ്യ ടേമിലെ ഏറ്റവും വിവാദ വിഷയങ്ങളിലൊന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ടായിരുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഐ ടി വിദഗ്ധരെ ദോഷകരമായി ബാധിച്ചിരുന്നു. എച്ച് 1 ബി വിസ നിയന്ത്രണമേര്‍പ്പെടുത്തിയതു കാരണം യു എസിലേക്കുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഐ ടി വിദഗ്ധരുള്‍പ്പെടെയുള്ളവരുടെ ഒഴുക്ക് കുറഞ്ഞു. കുടിയേറ്റ നിയമം ശക്തമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും ട്രംപ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിച്ചതും ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു നേരെയുള്ള മുന്നറിയിപ്പായി കാണേണ്ടി വരും.

Latest