International
അമേരിക്കയിൽ ട്രംപിന്റെ കൂട്ടപ്പിരിച്ചുവിടൽ; പതിനായിരത്തോളം സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമായി
രണ്ട് ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നാണ് യു എസിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
![](https://assets.sirajlive.com/2025/02/elon_musk_donald_trump-897x538.jpg)
വാഷിങ്ടണ്‍ | അമേരിക്കയിൽ സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം. പതിനായിരത്തോളം ജീവനക്കാരെയാണ് ഒറ്റയടിക്ക് സർവീസിൽ നിന്ന് നീക്കിയത്. ഇതിൽ ഏറെയും പ്രൊബേഷനറി ജീവനക്കാരാണ്. രണ്ട് ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നാണ് യു എസിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച മാത്രം 2300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. യു.എസ്. ആഭ്യന്തര വകുപ്പിന് കീഴിലെ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളുടെ നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. അപ്രതീക്ഷിതമായാണ് തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. അര മണിക്കൂറിനകം സ്വന്തം സാധന സാമഗ്രികള എടുത്ത് ഓഫീസ് വിടണമെന്നായിരുന്നു നിർദേശം.
ട്രംപും അദ്ദേഹത്തിന്റെ ഉപദേശകനും കോടീശ്വരനുമായ ഇലോൺമസ്കും ചേർന്നാണ് ചപിരിച്ചുവിടൻ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ബാധ്യത കുറക്കാൻ സർക്കാർ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുൻകൂട്ടി അറിയിപ്പ് നൽകാതെയുള്ള പിരിച്ചുവിടൻ ജീവനക്കാരോടുള്ള നീതി നിഷേധമാണെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറഞ്ഞു. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.