International
ട്രംപിന് തിരിച്ചടി; ജന്‍മാവകാശ പൗരത്വത്തിനെതിരെയുള്ള ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു
ഉത്തരവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കാണ് സ്റ്റേ
ന്യൂയോര്‍ക്ക് | കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കാണ് സ്റ്റേ. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോണ്‍ കോഗ്‌നര്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. അതേ സമയം സ്റ്റേക്കെതിരെ അപ്പീല്‍ പോകാനുള്ള ഒരുക്കത്തിലാണ് ട്രംപ്.
നിലവില്‍ അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ഇതിനെതിരെയായിരുന്നു ട്രംപിന്റെ ഉത്തരവ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിര്‍ത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎസിലുള്ള വലിയ വിഭാഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തില്‍ വരുമെന്നു ഉത്തരവില്‍ പറഞ്ഞിരുന്നു.
ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കന്‍ പൗരന്‍മാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കള്‍ക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വര്‍ഷത്തില്‍ഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം നിയമ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു