International
ട്രംപിന്റെ ടാക്സ് വര്‍ധന; തിരിച്ചടിക്കാന്‍ കാനഡയും മെക്‌സിക്കോയും
ലോക വ്യാപാര സംഘടനയില്‍ അമേരിക്കയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ചൈന
ന്യൂയോര്‍ക്ക് | കാനഡയും ചൈനയും മെക്സിക്കോയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധം ശക്തമാകുന്നു. കാനഡയ്ക്കും മെക്സിക്കോയ്ക്കും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി ഇരുരാജ്യങ്ങളും. കാനഡയുടെയും മെക്‌സിക്കോയുടെയും എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. കാനഡയില്‍ിനന്നുള്ള ഊര്‍ജ്ജ, എണ്ണ ഇറക്കുമതികള്‍ക്ക് പ്രത്യേകം 10 ശതമാനം നികുതിയും ഏര്‍പ്പെടുത്തി. ചൈനീസ് സാധനങ്ങള്‍ക്കും ട്രംപ് 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇവയെല്ലാം ചൊവ്വാഴ്ച മുതല്‍ നിലവില്‍വരും.
അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് നിലക്കാനും മയക്കുമരുന്ന് കടത്ത് തടയാനുമാണ് നടപടിയെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. മെക്സിക്കോ, കാനഡ വഴിയുള്ള കുടിയേറ്റം തടയാന്‍ ഇരുരാജ്യങ്ങളും ശക്തമായ നടപടി സ്വീകരിച്ചുവരുന്നുമുണ്ട്. ഇതിനിടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാട്.
അതേസമയം അമേരിക്കക്ക് അതേനാണയത്തില്‍ മറുപടി നല്‍കാന്‍ കാനഡ നടപടി തുടങ്ങി. കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന 20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ച പ്രഖ്യാപിച്ചു, മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 85 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്കുകൂടി നികുതി ചുമത്തും. മെക്സിക്കോയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനയും അമേരിക്കക്കെതിരെ പ്രതികരിച്ചു.
ലോക വ്യാപാര സംഘടനയില്‍ അമേരിക്കയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ചൈന അറിയിച്ചു, കൂടാതെ ‘അനുയോജ്യമായ പ്രതിരോധ നടപടികള്‍’ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ അമേരിക്കയുടെ ഇറക്കുമതിയില്‍ 40 ശതമാനത്തില്‍ ഏറെ മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നാണ്. ഏറ്റവും കൂടുതല്‍ മെക്സിക്കോയില്‍നിന്നാണ് 15.6 ശതമാനം. ചൈന (13.5%), കാനഡ (12.6%) എന്നിങ്ങനെയാണ് ഇറക്കുമതി.