Connect with us

Articles

ട്രംപും യു എസ് മുസ്‌ലിംകളുടെ പ്രതീക്ഷകളും

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരിക്കെ ട്രംപിന്റെ മുസ്‌ലിം വിരോധവും കുടിയേറ്റ വിരുദ്ധതയും പ്രകടമായിരുന്നെങ്കിലും പശ്ചിമേഷ്യയില്‍ "സമാധാനം' കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനം മുസ്‌ലിംകള്‍ മുഖവിലക്കെടുക്കുകയായിരുന്നു. കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രത്യക്ഷത്തില്‍ മുസ്‌ലിം അനുകൂലമെന്ന് തോന്നിപ്പിച്ചിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നില്ല.

Published

|

Last Updated

ശത്രുവിന്റെ ശത്രു മിത്രമായി മാറുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നിലും അങ്ങനെയൊരു രാസമാറ്റം സംഭവിച്ചിട്ടുണ്ട്. ഇസ്‌റാഈലുമായുള്ള ബന്ധം, കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മാരായി കാണുന്ന നിലപാട് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ് അറബ് വംശജരുള്‍പ്പെടെയുള്ള അമേരിക്കയിലെ മുസ്‌ലിംകള്‍. അവര്‍ പൊതുവെ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരായിരുന്നു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ ട്രംപിനെ പരാജയപ്പെടുത്തുന്നതിന് വിയര്‍പ്പ് ഒഴുക്കിയവരായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ക്ക് ട്രംപിനെ ഉള്‍ക്കൊള്ളേണ്ടി വന്നിരിക്കുകയാണ്. രണ്ട് തിന്മകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരെ പിന്തുണക്കണമെന്നറിയാതെ പകച്ചു നിന്നവര്‍ രണ്ടും കല്‍പ്പിച്ച് തീരുമാനത്തിലെത്തുകയായിരുന്നു.

ഇത്തവണത്തെ ട്രംപിന്റെ വിജയം അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അസാധാരണമായ ഒന്നാണ്. ഒരിക്കല്‍ മത്സരത്തില്‍ പരാജയപ്പെട്ടയാള്‍ പിന്നീട് പ്രസിഡന്റായി തിരിച്ചുവരികയെന്നത് അപൂര്‍വ സംഭവമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ. വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിപ്പോകുകയോ ഇറക്കി വിടുകയോ ചെയ്തയാള്‍ വീണ്ടും വൈറ്റ് ഹൗസിന്റെ നായകനായി തിരിച്ചെത്തുക എന്ന സംഭവം നടക്കുന്നത് ഒന്നേകാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമാണ്.

ശത്രുവിന്റെ ശത്രു മിത്രമെന്നാണല്ലോ. അറബ് വംശജരടക്കമുള്ള മുസ്‌ലിംകള്‍ ട്രംപിനെ പിന്തുണച്ചത് ചില പ്രതീക്ഷകള്‍ വെച്ചുകൊണ്ടായിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ട്രംപിന് സാധിക്കുമോ എന്ന് തെളിയിക്കേണ്ടത് കാലമാണ്. കാരണം പ്രസിഡന്റായിരിക്കെ കഴിഞ്ഞ തവണ ട്രംപ് സ്വീകരിച്ച നിലപാടുകള്‍ പലതും കുടിയേറ്റക്കാരായ അമേരിക്കന്‍ പൗരന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും ദോഷകരമായിരുന്നു. സിറിയ, ഇറാന്‍, സുഡാന്‍ തുടങ്ങിയ ഏതാനും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് ഉത്തരവിറക്കുകയുണ്ടായി. ഈ ഉത്തരവ് റദ്ദാക്കിയത് പിന്നീട് വന്ന ജോ ബൈഡന്റെ കാലത്തായിരുന്നു.

2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചിരുന്നില്ല. ആ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്‌തെങ്കിലും കോടതി ട്രംപിന്റെ വാദം നിരസിക്കുകയായിരുന്നു. അവസാന ആശ്രയമെന്ന നിലയില്‍, ട്രംപ് തന്റെ അനുയായികളുടെ റാലി വിളിച്ചു കൂട്ടി ബൈഡന്‍ ചുമതല ഏല്‍ക്കുന്നത് തടയാന്‍ ശ്രമിച്ചു. റാലിയില്‍ പങ്കെടുത്തവര്‍ ന്യൂയോര്‍ക്കിലെ ക്യാപിറ്റോള്‍ ഹില്‍ (പാര്‍ലിമെന്റ് മന്ദിരം) കൈയേറി അക്രമങ്ങള്‍ അഴിച്ചുവിട്ടു. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് അനുകൂലികളായ പലരും ട്രംപിനെ കൈവിട്ടു. വിദ്യാഭ്യാസ മന്ത്രി ബെറ്റ്സി ദേവോസും ഗതാഗത മന്ത്രി എലൈന്‍ ചാവോയും അവരില്‍ ചിലരാണ്. സൗത്ത് കരോലിനയില്‍ നിന്നുള്ള റിപബ്ലിക്കന്‍ സെനറ്ററും ട്രംപിന്റെ അടുത്ത ആളുമായ ലിന്‍ഡ്‌സെ ഗ്രഹാം പോലും ട്രംപിന്റെ തീക്കളിയെ വിമര്‍ശിച്ച് രംഗത്തു വന്നു. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടുനിന്നു. സ്ത്രീ പീഡനമുള്‍പ്പെടെയുള്ള ഒരുപാട് കേസുകള്‍ ട്രംപിനെതിരെ ഉയര്‍ന്നു വന്നു. ചില കേസുകളില്‍ കോടതി ട്രംപിനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയുമുണ്ടായി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്. ട്രംപിനെതിരെ നാല് കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു കേസിലെ വിധി ഈ മാസം 26ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. രാഷ്ട്രീയപരമായും വ്യക്തിപരമായും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ട്രംപ് പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ ഒരിക്കല്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഇരുണ്ടവശം തുറന്നു കാട്ടുന്നതാണ്. സെനറ്റിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ട്രംപിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും വിജയിപ്പിച്ചത് ജോ ബൈഡന്റെ ദുര്‍ ഭരണമാണെന്നാണ് വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസിന്റെ പരാജയം നമ്മോട് പറയുന്നത്.

“അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലുതും വിശാലവുമായ ഒരു സര്‍ക്കാര്‍ രൂപം കൊള്ളുകയാണ്. ഈ റെക്കോര്‍ഡ് വിജയത്തില്‍ മിഷിഗണിലെ അറബ്, മുസ്‌ലിം വോട്ടര്‍മാരുടെ പങ്കുണ്ടായിരിക്കും. അവര്‍ സമാധാനം ആഗ്രഹിക്കുന്നു,’ മുസ്‌ലിം വോട്ടര്‍മാരില്‍ പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ട് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേദിവസം എക്സില്‍ കുറിച്ചു. പൊതുവെ ഡൊമോക്രാറ്റിക് പാര്‍ട്ടിയോട് ചായ്‌വ് പുലര്‍ത്തുന്ന അമേരിക്കന്‍ മുസ്‌ലിംകള്‍ ഇത്തവണ ഡെമേക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും അകന്നു നില്‍ക്കുന്ന സ്ഥിതിയുണ്ടായി.
രണ്ട് ദശകത്തെ യു എസ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വെള്ളക്കാരായ വോട്ടര്‍മാരെ അപേക്ഷിച്ച് സ്ഥിരമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന വിഭാഗം മുസ്‌ലിംകളായിരുന്നു. ഗസ്സയില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ കമലാ ഹാരിസ് പരാജയപ്പെട്ടതാണ് മുസ്‌ലിംകള്‍ ട്രംപിലേക്ക് മാറാനുള്ള കാരണമെന്ന് അമേരിക്കയിലെ പ്രബല ഇസ്‌ലാമിക് സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് വിലയിരുത്തുന്നു.

ട്രംപിനെ തീരെ ഉള്‍ക്കൊള്ളാനാകാത്തവര്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയിനെ പിന്തുണക്കുകയായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിന് ലഭിക്കേണ്ടിയിരുന്ന ആ വോട്ടുകള്‍ ട്രംപിന്റെ വിജയത്തിനു സഹായമായി ഭവിച്ചു. 2020ലെ തിരഞ്ഞെടുപ്പില്‍ സ്വിംഗ് സംസ്ഥാനമായ മിഷിഗണില്‍ നിന്ന് ജില്‍ സ്റ്റെയിന് ലഭിച്ചത് കേവലം 207 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ സ്റ്റെയിന് പതിനായിരത്തോളം വോട്ടുകള്‍ ലഭിക്കുകയുണ്ടായി. പെന്‍സില്‍വാനിയയില്‍ ഹാരിസും ട്രംപും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനമാണ്. ഇവിടെ നിന്ന് ജില്‍ സ്റ്റെയിന് 30,732 വോട്ടുകള്‍ ലഭിച്ചു. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുക, ഇസ്‌റാഈലിനുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കുക, യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ അമേരിക്കക്കുള്ള വീറ്റോ അധികാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച സ്റ്റെയിന് ചില മുസ്‌ലിം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരിക്കെ ട്രംപിന്റെ മുസ്‌ലിം വിരോധവും കുടിയേറ്റ വിരുദ്ധതയും പ്രകടമായിരുന്നെങ്കിലും പശ്ചിമേഷ്യയില്‍ “സമാധാനം’ കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനം മുസ്‌ലിംകള്‍ മുഖവിലക്കെടുക്കുകയായിരുന്നു. തന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് അറബ്, മുസ്‌ലിം പ്രതിനിധികളെയും ഇമാമുമാരെയും വേദിയിലേക്ക് കൊണ്ടുവരികയും അവരെ ബഹുമാന്യരെന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. അമേരിക്കയുടെ അറബ് തലസ്ഥാനം എന്നറിയപ്പെടുന്ന ഡിയര്‍ബോണിലെ ഹലാല്‍ കഫേ ട്രംപ് സന്ദര്‍ശിക്കുകയുണ്ടായി. ഡിയര്‍ബോണ്‍ പ്രസിദ്ധ മോട്ടോര്‍ കമ്പനിയായ ഫോര്‍ഡിന്റെ ആസ്ഥാനമായ ഡെട്രോയിറ്റിന്റെ ഭാഗമാണ്. ഇവിടുത്തെ ജനസംഖ്യയില്‍ ഏതാണ്ട് പകുതിയിലേറെ മുസ്‌ലിംകളാണ്. 2020ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ട്രംപിനെതിരെയായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ ചിത്രം മാറ്റിവരച്ചു.

മിഷിഗണില്‍ നടന്ന റാലിയിലും മുസ്‌ലിം നേതാക്കള്‍ പങ്കെടുക്കുകയുണ്ടായി. റാലിയില്‍ പ്രസംഗിച്ച അവിടുത്തെ ഇമാം ബിലാല്‍ അല്‍സുഹൈരി ട്രംപിനെ വിശേഷിപിച്ചത്, സമാധാനത്തിന്റെ വക്താവ് എന്നായിരുന്നു. ഗസ്സയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പ്രതിബദ്ധതയെ ഇമാം പ്രശംസിക്കുകയും ചെയ്തു. ഹാംട്രാക് മേയര്‍ അമീര്‍ ഗാലിബ് നേരത്തേ തന്നെ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമീര്‍ ഗാലിബ് അമേരിക്കയിലെ ഏക മുസ്‌ലിം മേയറാണ്.

രണ്ട് പ്രധാന സ്ഥാനാര്‍ഥികളും ഇസ്‌റാഈലിനെ പിന്തുണക്കുന്നവരാണെങ്കിലും കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രത്യക്ഷത്തില്‍ മുസ്‌ലിം അനുകൂലമെന്ന് തോന്നിപ്പിച്ചിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നില്ല. രണ്ട് മാസം മുമ്പ് ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ ഫലസ്തീന്‍ സ്പീക്കറെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഹാരിസ് നിരസിക്കുകയായിരുന്നു. ഫലസ്തീന്‍ സ്പീക്കര്‍ ഹമാസിന്റെ നിലപാടുകളോട് വിയോജിപ്പുള്ള വ്യക്തിയാണ്. എന്നിട്ടും കമലാ ഹാരിസ് അവിടെ മുഖം തിരിക്കുകയായിരുന്നു. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് സ്വയം പ്രതിരോധമാണെന്ന പ്രസിഡന്റ്ബൈഡന്റെ വാദം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കമലാ ഹാരിസ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുസ്‌ലിംകള്‍ ട്രംപില്‍ രക്ഷകനെ കണ്ടെത്തുന്നത് ഈ സാഹചര്യത്തിലും കൂടിയാണ്.

---- facebook comment plugin here -----

Latest