Connect with us

Editorial

ട്രംപ് വധശ്രമവും സന്ദേഹങ്ങളും

ട്രംപിനു നേരെ നടന്ന വെടിവെപ്പില്‍ അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിനുമുണ്ട് പങ്ക്. മദ്യവും സിഗരറ്റും വാങ്ങാന്‍ 21 വയസ്സ് തികയണമെങ്കിലും തോക്ക് ലൈസന്‍സ് ലഭിക്കാന്‍ 18 വയസ്സായാല്‍ മതി അമേരിക്കയില്‍. ജനസംഖ്യ 34 കോടിയോളം വരുന്ന അമേരിക്കയിലെ തോക്കുകളുടെ എണ്ണം 48 കോടി വരും.

Published

|

Last Updated

യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ നടന്ന വെടിവെപ്പ് ദുരൂഹമാണ്. എന്തായിരുന്നു അക്രമിയുടെ ഉദ്ദേശ്യമെന്നും കനത്ത സുരക്ഷയെ മറികടന്ന് എങ്ങനെ വെടിവെക്കാന്‍ കഴിഞ്ഞുവെന്നുമുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഉഴലുകയാണ് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ). രാഷ്ട്രീയത്തില്‍ അക്രമവും വെടിവെപ്പും ബോംബേറുമെല്ലാം പതിവു സംഭവമാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരെയാണ് സാധാരണഗതിയില്‍ അക്രമം നടക്കാറുള്ളത്. എന്നാല്‍ ട്രംപിനെ വെടിവെച്ച തോമസ് മാത്യു ക്രൂക്സ് എന്ന യുവാവ് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് വ്യക്തമായിട്ടുണ്ട്. റിപബ്ലിക് പാര്‍ട്ടിക്കാരനായി രജിസ്റ്റര്‍ ചെയ്ത യുവാവിന്റെ കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സ്വന്തം പാര്‍ട്ടി നേതാവിനെ തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരന്‍ എന്തിന് വെടിവെച്ചു?

കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രംപ് അക്രമിക്കപ്പെട്ട പെന്‍സില്‍വാനിയയിലെ പ്രസംഗ വേദി തയ്യാറാക്കപ്പെട്ടത്. നീണ്ട സുരക്ഷാ പരിശോധനക്കു ശേഷമേ ആളുകളെ സദസ്സിലേക്ക് കടത്തിവിട്ടിരുന്നുള്ളൂ. പരിപാടിയില്‍ സംബന്ധിക്കുന്നവരുടെ വശം പേഴ്സ്, ബാഗ് തുടങ്ങിയ സാധനങ്ങളൊന്നും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. ഈ സുരക്ഷാ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ട്രംപിനു നേരെ നിറയൊഴിക്കാന്‍ അക്രമിക്ക് എങ്ങനെ സാധിച്ചു? 150 മീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് എ ആര്‍- 15 സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് എട്ട് തവണയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. എന്നിട്ടും നിസ്സാരമായ പരുക്കാണ് അദ്ദേഹത്തിന് സംഭവിച്ചത്. വെടിവെപ്പ് നടന്ന് നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു. വലിയൊരു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരിക്കെ അക്രമിയെ ജീവനോടെ പിടികൂടാമായിരുന്നില്ലേ? അതിന് തുനിയാതെ കൊലപ്പെടുത്തിയതെന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

ട്രംപിനു നേരെ നടന്ന വെടിവെപ്പ് സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രതിഫലനങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. നവംബര്‍ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപ് ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയില്‍ ട്രംപിന്റെ എതിരാളികളായ ടെഡ് ക്രൂസും ജോണ്‍ കാസിച്ചും പിന്‍വാങ്ങിയതോടെയാണ് ട്രംപിന് സാധ്യത തെളിഞ്ഞത്. ലൈംഗിക കുറ്റകൃത്യം, തിരഞ്ഞെടുപ്പ് അട്ടിമറി തുടങ്ങി കോടതികളില്‍ വിവിധ കേസുകളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ട്രംപിന് അവയെല്ലാം അതിജീവിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ വെടിവെപ്പ് സംഭവം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. വെടയുണ്ട ചീറിപ്പാഞ്ഞു വന്നപ്പോള്‍ നിലത്തേക്ക് കുനിഞ്ഞ ട്രംപ,് രക്തം പുരണ്ട മുഖവുമായി സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ രക്ഷാകവചത്തില്‍ എഴുന്നേറ്റ് മുഷ്ടി ചുരുട്ടുന്ന രംഗം അണികളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപും അനുയായികളും.

തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിമറിക്കാനും സര്‍ക്കാറുകളുടെ ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും സ്ഫോടനാത്മകമായ സംഭവങ്ങള്‍ സൃഷ്ടിക്കുക രാഷ്ട്രീയത്തില്‍ പതിവാണ്. ഇന്ത്യയില്‍ 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പായി നടന്ന, 40 ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ പുല്‍വാമ ‘തീവ്രവാദി’ ആക്രമണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇന്നും അവശേഷിക്കുകയാണ്. തുടക്കത്തില്‍ ജനവികാരം മോദിക്ക് അനുകൂലമല്ലാതിരുന്ന 2019ലെ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയതും എന്‍ ഡി എക്ക് വന്‍ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറാന്‍ അവസരമൊരുക്കിയതും പുല്‍വാമ ആക്രമണം സൃഷ്ടിച്ച സഹതാപ തരംഗമായിരുന്നു. അതേസമയം 2019 ജനുവരി രണ്ടിനും ഫെബ്രുവരി 13നും ഇടയില്‍ കശ്മീരില്‍ തീവ്രവാദിയാക്രമണം നടക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം നിഷേധിച്ച് ഭരണകൂടം അവരെ എന്തിന് റോഡ്മാര്‍ഗം യാത്രയാക്കി? തീവ്രവാദികള്‍ക്കെങ്ങനെ 300 കിലോ ആര്‍ ഡി എക്സ് ശേഖരിക്കാന്‍ സാധിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം തേടുകയാണ്.

ട്രംപിനു നേരെ നടന്ന വെടിവെപ്പില്‍ അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിനുമുണ്ട് പങ്ക്. മദ്യവും സിഗരറ്റും വാങ്ങാന്‍ 21 വയസ്സ് തികയണമെങ്കിലും തോക്ക് ലൈസന്‍സ് ലഭിക്കാന്‍ 18 വയസ്സായാല്‍ മതി അമേരിക്കയില്‍. ജനസംഖ്യ 34 കോടിയോളം വരുന്ന അമേരിക്കയിലെ തോക്കുകളുടെ എണ്ണം 48 കോടി വരും. പാഠപുസ്തകങ്ങള്‍ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തോക്ക് കൊണ്ടുവരികയും ക്ലാസ്സ് മുറികളില്‍ സഹപാഠികള്‍ക്കെതിരെ നിറയൊഴിക്കുകയും ചെയ്യുന്നത് അവിടെ പുതുമയുള്ളതല്ല. തോക്ക് ഉപയോഗത്തിന് രാജ്യത്ത് നിയന്ത്രണം വേണമെന്ന മുറവിളി ശക്തമാണെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ല. രാജ്യത്ത് നാഷനല്‍ റൈഫിള്‍ അസ്സോസിയേഷന്‍ (എന്‍ ആര്‍ എ) എന്ന ആയുധ ലോബിയുടെ സ്വാധീനം ശക്തമാണ്. ആയുധ നിയന്ത്രണ ആവശ്യവുമായി രംഗത്തു വരുന്ന ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് സംഘടന സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തി ഒതുക്കുകയോ ചെയ്യും. സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിറ്റിക്സിന്റെ വിശകലന പ്രകാരം 2000-2012 കാലയളവില്‍ 80 മില്യന്‍ ഡോളറാണ് നാഷനല്‍ റൈഫിള്‍ അസ്സോസിയേഷനും അതിന്റെ ഗ്രൂപ്പുകളും ചേര്‍ന്ന് യു എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്, സെനറ്റ്, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളില്‍ വിതറിയത്. ഏത് തരത്തിലുള്ള ആയുധ നിയന്ത്രണങ്ങള്‍ക്കുമെതിരാണ് റൈഫിള്‍ അസ്സോസിയേഷന്‍. 2012ല്‍ ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് തോക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിലെ റിപബ്ലിക് അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതു മൂലം നടപ്പാക്കാനായില്ല. അമേരിക്കയുടെ ഈ തോക്ക് സംസ്‌കാരം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ അധികാരികള്‍ക്ക് കഴിയാത്തിടത്തോളം, ട്രംപുമാര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

 

Latest