From the print
ട്രംപ് പണി തുടങ്ങി: കലാപകാരികളെ മോചിപ്പിച്ചു; അടിമുടി തിരുത്തി എക്സിക്യുട്ടീവ് ഓർഡറുകൾ
ബൈഡൻ ഭരണകൂടം അനുവർത്തിച്ചിരുന്ന കുടിയേറ്റ മുൻഗണനകൾ ട്രംപ് വെട്ടിച്ചുരുക്കുകയും നിരവധി ഇമിഗ്രേഷൻ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു
വാഷിംഗ്ടൺ | തന്റെ ഭരണകൂടത്തിന്റെ മുഖമുദ്ര വ്യക്തമാക്കുന്ന എക്സിക്യുട്ടീവ് ഓർഡറുകളും നിർദേശങ്ങളും പുറപ്പെടുവിച്ച് യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപ്. ഊർജം മുതൽ കുറ്റവാളികൾക്കുള്ള മാപ്പും ഇമിഗ്രേഷനും വരെയുള്ള കാര്യങ്ങളിൽ പ്രതീക്ഷിച്ച നീക്കങ്ങൾ തന്നെയാണ് അധികാരമേറ്റെടുത്ത് ഒന്നാം ദിനം തന്നെ ട്രംപ് നടത്തിയിരിക്കുന്നത്.
മാപ്പ്
2020ലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പിന്നാലെ 2021 ജനുവരി ആറിന് യു എസ് ക്യാപ്പിറ്റോളിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ 1,500ഓളം പേർക്ക് ട്രംപ് അധികാരമേറ്റെടുത്ത ദിവസം തന്നെ മാപ്പ് നൽകി. “അവർ ഇന്ന് രാത്രി തന്നെ പുറത്തുവരും’- ട്രംപ് പ്രഖ്യാപിച്ചു.
രാജ്യദ്രോഹ ഗൂഢാലോചനയിൽ ശിക്ഷിക്കപ്പെട്ടവരുൾപ്പെടെ തീവ്ര വലതുപക്ഷ സംഘടനകളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപേഴ്സ് ഓർഗനൈസേഷൻ എന്നിവയിലെ 14 പേരുടെ ശിക്ഷ വെട്ടിക്കുറച്ചു. കലാപവുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കാത്ത കേസുകൾ റദ്ദാക്കാൻ അറ്റോർണി ജനറലിന് നിർദേശം നൽകി.
കുടിയേറ്റം
ബൈഡൻ ഭരണകൂടം അനുവർത്തിച്ചിരുന്ന കുടിയേറ്റ മുൻഗണനകൾ ട്രംപ് വെട്ടിച്ചുരുക്കുകയും നിരവധി ഇമിഗ്രേഷൻ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ നാല് മാസത്തേക്ക് നിർത്തിവെക്കും.
ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നിശ്ചയിക്കാൻ സുരക്ഷ അവലോകനം ചെയ്യാൻ നിർദേശിച്ചു.
“അമേരിക്കക്ക് ഇത്രത്തോളം കുടിയേറ്റക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല’- ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധമായി രാജ്യത്തുള്ള എല്ലാവരെയും നാടുകടത്തലിന് വിധേയമാക്കുന്ന ട്രംപിന്റെ മുൻ ഭരണകൂട നയത്തിലേക്ക് സർക്കാർ തിരിച്ചെത്തും.
യു എസ്- മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ ഏജന്റുമാരെ സഹായിക്കാനും കുടിയേറ്റക്കാരെയും അഭയാർഥികളെയും നിയന്ത്രിക്കാനും സൈനികരെ അയക്കാനും പദ്ധതിയുണ്ട്.
“ജന്മാവകാശ പൗരത്വം’ അവസാനിപ്പിക്കാൻ ട്രംപ് ആലോചിക്കുന്നുണ്ട്. ജന്മാവകാശ പൗരത്വം യു എസ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.
ദേശീയ സുരക്ഷാ മുൻ ഡയറക്ടർ ജെയിംസ് ക്ലാപ്പർ, സി ഐ എ മുൻ ഡയറക്ടറും പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റ, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവരുൾപ്പെടെ ട്രംപിന്റെ വിരുദ്ധ ചേരിക്കാരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി.
ന്യൂനപക്ഷം
ബൈഡൻ ഭരണകൂടത്തിന്റെ 78 എക്‌സിക്യൂട്ടീവ് നടപടികൾ പിൻവലിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
കൊവിഡ് സഹായം മുതൽ ഹിസ്പാനിക്കുകൾ (സ്പാനിഷ് വംശജർ)ക്കും കറുത്തവർഗക്കാർക്കും തുല്യ അവസരം, ശുദ്ധമായ ഊർജ വ്യവസായങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വൈവിധ്യത്തെയും ഭിന്നലിംഗക്കാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഉത്തരവുകളും റദ്ദാക്കി.
ബൈഡൻ ഭരണകൂടത്തിനു കീഴിൽ നടന്ന “രാഷ്ട്രീയ പീഡനങ്ങളു’മായി ബന്ധപ്പെട്ട രേഖകൾ സംരക്ഷിക്കുന്ന ഉത്തരവിൽ ഒപ്പുവെക്കും.
പണം, ആശ്വാസം
അമേരിക്കൻ ജനതക്ക് അടിയന്തര വില ആശ്വാസം ലഭ്യമാക്കാനും തൊഴിലാളികളുടെ അഭിവൃദ്ധി ഉറപ്പാക്കാനും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും തലവന്മാർക്ക് നിർദേശം നൽകി. ചെലവ് വർധിപ്പിക്കുന്ന നിയന്ത്രണങ്ങളും കാലാവസ്ഥാ നയങ്ങളും വെട്ടിക്കുറക്കും.
കാലാവസ്ഥ
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറ്റ പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു. പിന്മാറ്റം വിശദീകരിച്ച് ഐക്യരാഷ്ട്രസഭക്ക് കത്തയക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതു മുതൽ പ്രതീക്ഷിക്കപ്പെട്ടതാണ് ഈ പ്രഖ്യാപനം.
ആരോഗ്യം
കൊവിഡ് മഹാമാരിയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികളും തെറ്റായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറി. യു എൻ ആരോഗ്യ ഏജൻസിക്കെതിരെ ട്രംപിന്റെ ദീർഘകാല വിമർശവുമായി പൊരുത്തപ്പെടുന്നതാണ് ഈ നീക്കം.
അഭിപ്രായ സ്വാതന്ത്ര്യം
അഭിപ്രായ സ്വാതന്ത്ര്യം പുനസ്ഥാപിക്കാനും ഫെഡറൽ സെൻസർഷിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെ ബൈഡൻ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ട്രംപും റിപബ്ലിക്കൻ സഖ്യകക്ഷികളും നേരത്തേ ആരോപിച്ചിരുന്നു.
നികുതി
ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേക താരിഫ് പ്ലാനുകളൊന്നും പരാമർശിച്ചില്ലെങ്കിലും നികുതി പിരിക്കാൻ എക്‌സ്‌റ്റേണൽ റവന്യൂ സർവീസ് എന്ന പുതിയ ഏജൻസിയെ നിയോഗിച്ചു.
രണ്ട് വർഷത്തെ താരിഫ് യുദ്ധം അവസാനിപ്പിക്കാൻ 2020ൽ ഒപ്പുവെച്ച “ഫേസ് ഒന്ന്’ വ്യാപാര കരാറിന് കീഴിൽ ചൈനയുടെ പ്രകടനം വിലയിരുത്താൻ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകി.
ചൈനീസ് ഇറക്കുമതിക്ക് നികുതി ചുമത്താനുള്ള മുൻ പദ്ധതികൾ റദ്ദാക്കി.
ഫെബ്രുവരി ഒന്ന് മുതൽ കാനഡക്കും മെക്സിക്കോക്കും മേൽ 25 ശതമാനം താരിഫ് ചുമത്തും.