Connect with us

International

ട്രംപ് വന്നു; കുടിയേറ്റക്കാർക്ക് എതിരെ നടപടി തുടങ്ങി; 538 പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തി

അറസ്റ്റിലായ കുടിയേറ്റക്കാരിൽ ഭീകരരും വിവിധ ക്രിമിനൽ കുറ്റങ്ങൾക്ക് നടപടി നേരിടുന്നവരും ഉണ്ടെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കരോളിനെ ലീവിറ്റ്

Published

|

Last Updated

വാഷിംഗ്ടൺ | യുഎസിൽ ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് മൂന്ന് ദിവസം പിന്നിടും മുമ്പേ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ നടപടി. രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ 538 അഭയാർഥികളെ അറസ്റ്റ് ചെയ്ത് സൈനിക വിമാനത്തിൽ നാടുകടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ഭീകരരും വിവിധ ക്രിമിനൽ കുറ്റങ്ങൾക്ക് നടപടി നേരിടുന്നവരും ഉണ്ടെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കരോളിനെ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ജനുവരി 20-ന് അധികാരമേറ്റതിന് ശേഷം അമേരിക്കൻ ജനതയെ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക എന്നതുൾപ്പെടെ വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ, അമേരിക്കയിൽ അഭൂതപൂർവമായ അനധികൃത കുടിയേറ്റം ഉണ്ടായതായി ഉത്തരവിൽ പറയുന്നു. ഇത്തരം കുടിയേറ്റക്കാർ രാജ്യത്തിന്റെ ദേശീയ സുരക്ഷക്കും പൊതു സുരക്ഷക്കും ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനും നാടുകടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് കോൺഗ്രസ് ഇന്നലെ അംഗീകാരം നൽകിയിരുന്നു.

Latest