articles
ട്രംപിനറിയില്ലല്ലോ ഗസ്സയുടെ ഉജ്വലമായ ഇന്നലെകള്‍
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഉറ്റവരും ഉടയവരും മരിച്ചുവീഴുമ്പോഴും പിറന്ന മണ്ണിലേക്കുള്ള മടക്കയാത്രയാണ് ഓരോ ഫലസ്തീനിയെയും ഇന്നും ജീവിപ്പിക്കുന്നതും അധിനിവേശകരോട് പൊരുതാന്‍ ശക്തി പകരുന്നതും. ആയുധത്തേക്കാള്‍ ഓര്‍മകളാണ് ഫലസ്തീനികളുടെ കരുത്ത്. അത്രക്കും മഹത്വമേറിയ ഒരു നാഗരികതയുടെ ഇങ്ങേ തലക്കലാണ് അവര്‍ ജീവിക്കുന്നത്. ഗസ്സ 1948ലെ "നക്ബ'യുടെ സൃഷ്ടിയാണ്.
![](https://assets.sirajlive.com/2025/02/untitled-14-897x538.jpg)
ലോകം കണ്ട കൊടിയ ഭ്രാന്തനായ ഭരണാധികാരിയാണ് ട്രംപെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. അമേരിക്ക അയച്ചുകൊടുത്ത ബില്യന്‍ കണക്കിന് ഡോളര്‍ വിലവരുന്ന ദശലക്ഷക്കണക്കിന് ആയുധങ്ങള്‍ കൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു എന്ന ക്രൂരനായ സയണിസ്റ്റ് ഭരണാധികാരി പതിനായിരക്കണക്കിന് മനുഷ്യരെ ചുട്ടുകൊന്നു. ഗസ്സയെന്ന ചരിത്രമുറങ്ങുന്ന മനോഹര നഗരം ചുടലക്കളമാക്കി. അപ്പോള്‍ വംശീയതയുടെ ഒളിപ്പുരയില്‍ കയറി ഒളിച്ചിരുന്ന ട്രംപാണ് ഇപ്പോള്‍ ആ മുനമ്പ് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ഗസ്സാ വാസികളെ ഏതെങ്കിലും അറബ് രാജ്യം ഏറ്റെടുക്കണമെന്നും ആജ്ഞാപിക്കുന്നത്. പേരെടുത്ത് പറഞ്ഞ ഈജിപ്തും ജോര്‍ദാനും സഊദി അറേബ്യയുമൊക്കെ ട്രംപിന്റെ നിര്‍ദേശത്തെ പരമപുച്ഛത്തോടെ തള്ളിക്കളഞ്ഞപ്പോള്‍ മറ്റൊരു നമ്പര്‍ പുറത്തെടുത്തു. ഗസ്സ വിലയ്ക്കു വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിളിച്ചുകൂവുകയാണിപ്പോള്‍. അതോടെ ഫലസ്തീനികള്‍ക്ക് പ്രദേശത്തിന്മേല്‍ യാതൊരു അവകാശവുമുണ്ടാകില്ലത്രെ. എന്തൊരു ധിക്കാരസ്വരം! ഫലസ്തീന്റെ ഇന്നലെകളെ കുറിച്ച് സാമാന്യബോധമുണ്ടെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം എഴുന്നള്ളിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടുമായിരുന്നോ?
ഫലസ്തീന്‍, വിശിഷ്യാ ഗസ്സ സംഭാവന ചെയ്ത മഹത്തായ നാഗരികതയെ കുറിച്ച് ട്രംപ് എപ്പോഴെങ്കിലും കേള്‍ക്കുകയോ പഠിക്കുകയോ ചെയ്തിട്ടുണ്ടോ? സാധ്യതയില്ല. ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ (ക്രൈസ്തവ സയണിസത്തിന്റെ) വക്താവും പ്രയോക്താവുമായ ട്രംപ് ഓതിപ്പഠിച്ചത് സയണിസ്റ്റുകള്‍ കെട്ടിച്ചമച്ച “വാഗ്ദത്ത ഭൂമി’യെ കുറിച്ച് മാത്രമായിരിക്കാം. നാലായിരം സംവത്സരങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനതയെയാണ് ഏതെങ്കിലും അറബ് നാട്ടില്‍ കൊണ്ടുപോയി തട്ടാന്‍ പദ്ധതിയിടുന്നതെന്ന് എപ്പോഴെങ്കിലും അയാള്‍ ചിന്തിച്ചിട്ടുണ്ടോ? യു എസിന്റെ മണ്ണില്‍ മനുഷ്യരാശിയുടെ നാഗരിക ജൈവിക സവിശേഷതകള്‍ വളര്‍ത്തിക്കൊണ്ടുവന്ന മായന്‍ സംസ്‌കാരത്തെ തകര്‍ത്തെറിഞ്ഞ്, തദ്ദേശീയരായ ആദിമവാസികളെ മുഴുവന്‍ കൊന്നൊടുക്കി ഇന്നത്തെ അമേരിക്കയെ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ പിന്‍ഗാമി എന്ന നിലയില്‍ ട്രംപില്‍ നിന്ന് മനുഷ്യത്വത്തിന്റെ നേരിയ മര്‍മരം പോലും ആരും പ്രതീക്ഷിക്കുന്നില്ല. ഫലസ്തീനികളെ എന്നെന്നേക്കുമായി തുടച്ചുമാറ്റാനാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ ട്രംപ് മണ്ടന്മാരുടെ രാജാവാണ്. ഗസ്സയില്‍ ഇന്ന് കാണുന്ന 23 ലക്ഷത്തോളം വരുന്ന മനുഷ്യര്‍ക്ക് എല്ലാ കൈരാതങ്ങളും അതിജീവിച്ച് ശബ്ദിക്കാന്‍ ധൈര്യം പകരുന്നത് അവര്‍ കടന്നുവന്ന സുദീര്‍ഘമായ ചരിത്രവഴികളും അവരുടെ മനക്കരുത്തുമാണ്.
ഗസ്സയില്‍ കണ്ണും നട്ട്
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഉറ്റവരും ഉടയവരും മരിച്ചുവീഴുമ്പോഴും പിറന്ന മണ്ണിലേക്കുള്ള മടക്കയാത്രയാണ് ഓരോ ഫലസ്തീനിയെയും ഇന്നും ജീവിപ്പിക്കുന്നതും അധിനിവേശകരോട് പൊരുതാന്‍ ശക്തി പകരുന്നതും. ആയുധത്തേക്കാള്‍ ഓര്‍മകളാണ് ഫലസ്തീനികളുടെ കരുത്ത്. അത്രക്കും മഹത്വമേറിയ ഒരു നാഗരികതയുടെ ഇങ്ങേ തലക്കലാണ് അവര്‍ ജീവിക്കുന്നത്. ഗസ്സ 1948ലെ “നക്ബ’യുടെ സൃഷ്ടിയാണ്. ഓരോ ഗ്രാമത്തില്‍ നിന്നും ഫലസ്തീനികളെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്യുകയോ ആട്ടിയോടിക്കുകയോ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊല്ലാകൊല ചെയ്യുകയോ ആയിരുന്നു ജൂതര്‍. ഇങ്ങനെ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍ ബഹുദൂരം നടന്നുതളര്‍ന്ന് അഭയം തേടിയത് ഗസ്സയുടെ മണ്ണിലാണ്. കഴിഞ്ഞ 76 വര്‍ഷത്തെ ദുരന്തപങ്കിലമായ ഫലസ്തീനികളുടെ ജീവിതാനുഭവങ്ങളാണ് ഈ ഭൂപ്രദേശത്തെ ഇമ്മട്ടില്‍ ഗസ്സ മുനമ്പായി മാറ്റിയെടുത്തത്. അവിടുത്തെ ജനസംഖ്യയുടെ 70 ശതമാനവും സയണിസ്റ്റുകളുടെ ക്രൂരത ഭയന്ന് അഭയാര്‍ഥികളായി വന്നവരാണ്. 1949ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഗസ്സയെയും ഇസ്‌റാഈലിനെയും വേര്‍തിരിക്കുന്ന “ഗ്രീന്‍ലൈന്‍’ രൂപം കൊടുക്കുന്നത്. 418 ഗ്രാമങ്ങള്‍ നശിപ്പിച്ച് തങ്ങളെ ആട്ടിയോടിച്ച ‘ദുരന്ത’ത്തെ കുറിച്ച് “നക്ബ’ എന്ന് ആദ്യം വിശേഷിപ്പിച്ചത് അറബികളായിരുന്നില്ല. ഹയ്ഫക്കടുത്ത് അല്‍ തിറ പട്ടണത്തില്‍ 1948 ജൂലൈയില്‍ പ്രദേശവാസികളോട് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ട് വിമാനത്തില്‍ നിന്ന് സയണിസ്റ്റുകള്‍ വിതരണം ചെയ്ത മുന്നറിയിപ്പ് നോട്ടീസിലാണ് “നക്ബ’യെ കാത്തിരിക്കേണ്ടിവരുമെന്ന് ഭീഷണി ഉയര്‍ത്തിയത്.
ഫലസ്തീന്‍ ചരിത്രകാരനായ തൗഫീഖ് ഹദ്ദാദിന്റെ അഭിപ്രായത്തില്‍ നക്ബയുടെ ക്രൂരതയില്‍ നിന്ന് അന്ന് രക്ഷപ്പെട്ട ഏക നഗരം ഗസ്സയാണ്. 1948ന് ശേഷം ഫലസ്തീന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ അഭയാര്‍ഥികളുടെ കേന്ദ്രസ്ഥാനമായി ആ നഗരം മാറി. അങ്ങനെയാണ് ഫലസ്തീന്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിന്റെ ആസ്ഥാനമായും അത് അറിയപ്പെടുന്നത്.
എന്നാല്‍, 1948 ഒക്ടോബറോടെ നജ്ദില്‍ ഈജിപ്ഷ്യന്‍ സേനയുമായി ഇസ്‌റാഈല്‍ പട്ടാളം ഏറ്റുമുട്ടി. അതോടെ ഗസ്സയുടെ ജനസംഖ്യ 1,00,000ല്‍ നിന്ന് 2,30,000ലേക്കുയര്‍ന്നു. ഇന്നത്തെ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഗാലന്റിന്റെ പിതാവ് മൈക്കിള്‍ ഗാലന്റായിരുന്നു “ഓപറേഷന്‍ ഗാലന്റിന്’ നേതൃത്വം കൊടുത്തത്. അതിന്റെ ഓര്‍മക്കായി മകന്‍ ഗാലന്റിന്റെ പേര് നല്‍കിയപ്പോള്‍ ചരിത്രം മറ്റൊരു ദിശയിലൂടെ ഒഴുകി. ഗസ്സയിലെ 2.3 ദശലക്ഷം ഫലസ്തീനികളെ ഈജിപ്തിലെ സീനായിലേക്ക് നിര്‍ബന്ധമായും എന്നെന്നേക്കുമായും മാറ്റിത്താമസിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള രഹസ്യരേഖ കഴിഞ്ഞ വര്‍ഷമാണ് മാധ്യമങ്ങള്‍ക്ക് ജൂതര്‍ ചോര്‍ത്തിക്കൊടുത്തത്. ഗസ്സയെ പൂര്‍ണമായും ബോംബിട്ട് തകര്‍ക്കാനും പരമാവധി മനുഷ്യരെ കൊന്നൊടുക്കാനുമുള്ള സയണിസ്റ്റ് പദ്ധതി കാലേക്കൂട്ടി തയ്യാറാക്കിയതാണെന്നും എല്ലാത്തിനുമൊടുവില്‍ ഗസ്സാവാസികളെ നാട് കടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം എപ്പോഴോ തീരുമാനിച്ചതാണെന്നും ഇതോടെ തെളിയുകയാണ്. 1948ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത “നക്ബ’ ഗസ്സയിലൂടെ നടപ്പാക്കുക എന്നത് ഇസ്‌റാഈലും യു എസും എന്നോ തീരുമാനിച്ചതാണ്. ഗസ്സ മുനമ്പ് ഇസ്‌റാഈലിന്റെ അവിഭാജ്യ ഘടകമാണെന്ന് 1956ല്‍ അന്നത്തെ ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രി ഗോള്‍ഡാമീര്‍ പ്രഖ്യാപിക്കുകയുണ്ടായി. അന്നത്തെ ധനമന്ത്രി ലെവി ഇഷ്‌ക്കോള്‍ 5,00,000 ഡോളര്‍ നീക്കിവെച്ചത് പരമാവധി ഗസ്സാ വാസികളെ സീനായിലേക്ക് നാടുകടത്താനാണ്.
തൊഴിലാളി ക്ഷാമം നേരിടുന്ന ജര്‍മനിയിലേക്ക് ഫലസ്തീനികളെ കയറ്റുമതി ചെയ്യുന്നതിനായി ഇന്റലിജന്‍സ് ഏജന്‍സികളെ ചുമതലപ്പെടുത്തിയിരുന്നു. 1967ലെ യുദ്ധത്തിനു ശേഷം ഗസ്സയും പടിഞ്ഞാറെ കരയും ജറൂസലമും ഇസ്‌റാഈലിന്റെ അധീനതയില്‍ വന്നപ്പോള്‍ ഗസ്സയില്‍ എമിഗ്രേഷന്‍ ഓഫീസ് തുറക്കുകയും 38,000 ഫലസ്തീനികളെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് സീനായിലേക്കും പടിഞ്ഞാറെ കരയിലേക്കും നാടുകടത്തുകയും ചെയ്ത അനുഭവം ലോകം മനപ്പൂര്‍വം വിസ്മരിച്ചതാണ്.
ഫലസ്തീന്റെ സത്ത
മധ്യധരണ്യാഴിയുടെ കിഴക്കന്‍ തീരത്ത് ക്രിസ്തുവിന് മുമ്പ് 4000-3200 കാലഘട്ടത്തില്‍ “ഫിലിസ്തീന്‍’ രാഷ്ട്രാന്തരീയ കച്ചവട ലോകത്ത് അറിയപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഈജിപ്തിലേക്ക് ചെമ്പ്, മണ്‍പാത്രങ്ങള്‍, ഒലീവ് എണ്ണ മുതലായവ കയറ്റുമതി ചെയ്തതിന് ആധികാരിക ചരിത്ര രേഖകളുണ്ട്. ഗസ്സയാണ് അക്കാലത്ത് ഫലസ്തീന്റെ ആസ്ഥാനവും സത്തയും. കടലിനോട് ചേര്‍ന്നുള്ള പ്രദേശം എന്ന നിലയില്‍ അന്താരാഷ്ട്ര വാണിജ്യ റൂട്ടിലെ സുപ്രധാന കേന്ദ്രമായിരുന്നു അത്. ബി സി അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ ഫലസ്തീനികള്‍ ഏറ്റവും പരിഷ്‌കൃത സമൂഹമായിരുന്നു. സാമ്പത്തിക വിനിമയ രംഗത്ത് ആ കാലഘട്ടത്തില്‍ മികച്ചുനിന്ന ഗ്രീക്ക്, റോമന്‍ സാമ്രാജ്യത്വത്തോട് കിടപിടിക്കുന്നതായിരുന്നു ഗസ്സ. വാസ്തുശില്‍പ്പകല, നഗരാസൂത്രണം, കലാമേന്മയുള്ള മണ്‍പാത്രങ്ങള്‍ തുടങ്ങി ഉയര്‍ന്ന നാഗരിക സവിശേഷതകള്‍ കൊണ്ട് ധന്യമായിരുന്നു ഇന്ന് ട്രംപ് റിയല്‍ എസ്റ്റേറ്റ് ഭൂമിയായി കാണുന്ന ഗസ്സയും പരിസര പട്ടണങ്ങളും. പുരാതന ഗ്രീക്കിലെ പട്ടണങ്ങളെ വെല്ലുന്നതായിരുന്നു ഫലസ്തീനിലെ നഗരങ്ങള്‍. വിശ്വവിഖ്യാതനായ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ (ഫത്ഹുല്‍ ബാരിയുടെ രചയിതാവ്) ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു ഹജറുൽ അസ്ഖലാനി ഗസ്സയുടെ സന്തതിയാണ്. അസ്ഖലാനി (അസ്‌കലോണ്‍) അന്നും ഇന്നും പേരുകേട്ട തുറമുഖ നഗരമാണ്. ഇസ്‌ലാമിലെ സുപ്രധാനമായ നാല് കര്‍മശാസ്ത്ര സരണികളുടെ ഇമാമുമാരില്‍ പ്രമുഖനായ ഇമാം ശാഫിഈ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗസ്സയിലാണ്.
കര്‍മശാസ്ത്ര മേഖലയില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ അല്‍ ഉമ്മ്, രിസാല തുടങ്ങിയ ക്ലാസ്സിക് രചനകള്‍ എക്കാലവും മുസ്‌ലിം ലോകം അവലംബിക്കുന്നവയാണ്. ധൈഷണികമായി എക്കാലവും ഗസ്സ അറബ് ലോകത്തിന് വഴികാട്ടിയായിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍പ്പെട്ട “ദി ഹണ്‍ട്രഡ് ഇയേഴ്‌സ് ഓഫ് വാര്‍ ഓണ്‍ ഫലസ്തീന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് റാശിദ് ഖാലിദിയുടെ മനസ്സ് നിറയെ എപ്പോഴും ഗസ്സയാണ്.
ചരിത്രകാരന്മാരുടെ പിതാവായ ഗ്രീക്ക് ചിന്തകന്‍ ഹെറഡോട്ടസും വിശ്വവിഖ്യാതനായ ഗ്രീക്ക് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ചരിത്രകാരനുമായ അരിസ്റ്റോട്ടിലും സാഹിതീപ്രതിഭ ഷെയ്ക്‌സ്പിയറും പ്രശസ്തനായ സഞ്ചാര സാഹിത്യകാരന്‍ ഇബ്‌നു ബത്തൂത്തയും എല്ലാം പാടിപ്പുകഴ്ത്തിയ മഹത്തായൊരു നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു 1918ലെ ബാൽഫര്‍ പ്രഖ്യാപനം വരുന്നത് വരെ ഗസ്സയും ഫലസ്തീനുമൊക്കെ. എല്ലാം തകര്‍ത്തെറിയപ്പെട്ടതും ഒരു ജനത ഒന്നടങ്കം വേട്ടയാടപ്പെട്ടതും സയണിസ്റ്റുകളുടെ വരവോടെയാണ്. നിരപരാധികളും നിസ്സഹായരുമായ ആ ജനതയോട് നിങ്ങളെ ചുട്ടെരിക്കുമെന്ന് ഇപ്പോഴും ആക്രോശിക്കുന്ന ഡൊണാള്‍ഡ് ട്രംപ് എന്ന ഭരണാധികാരിയോട് ലോകത്തിന് ഒന്നേ പറയാനുള്ളൂ; കിരാതനായ ഫറോവയെ മുക്കിക്കൊന്ന ചെങ്കടലിലെ വെള്ളം ഇപ്പോഴും വറ്റാതെ കിടപ്പുണ്ട്.