Connect with us

International

ഭരണനിര്‍വഹണത്തില്‍ ഇടപെടാന്‍ അനുവദിച്ചില്ല; ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ട്രംപ്

രണ്ട് ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്.

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി| ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. യൂണിവേഴ്സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതിന്റെ പ്രതികാരമാണ് നടപടിയ്ക്ക് കാരണം. യൂണിവേഴ്സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം. കാമ്പസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നുമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തടയണമെന്നും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞുവിടണം എന്നീ പരിഷ്‌കരണങ്ങള്‍ നിയാമവലിയില്‍ വരുത്തണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനങ്ങളിലും ഇടപെടല്‍ ആവശ്യപ്പെട്ടതോടെ യൂണിവേഴ്‌സിറ്റി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ നിലപാട്. പ്രസിഡന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കാമ്പസില്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രകടനം നടന്നു.

സര്‍ക്കാര്‍ സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് യൂണിവേഴ്സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

അധികാരത്തിലുളളത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും അവര്‍ സ്വകാര്യസര്‍വ്വകലാശാലകള്‍ എന്തു പഠിപ്പിക്കണം, ആരെ ജോലിക്ക് നിയമിക്കണം, ഏതൊക്കെ പഠനമേഖലകള്‍ ഉള്‍പ്പെടുത്തണം എന്നീ വിഷയങ്ങളില്‍ ഇടപെടരുത്. പൗരാവകാശ നിയമപ്രകാരം ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അനുവാദമില്ല. ഹാര്‍വാര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അലന്‍ ഗാര്‍ബര്‍ പറഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ സമ്മര്‍ദ്ദത്തിലായ നിരവധി സര്‍വ്വകലാശാലകളില്‍ ഒന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി. പെന്‍സില്‍വാനിയ, ബ്രൗണ്‍, പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലകള്‍ക്കുളള സാമ്പത്തിക സഹായവും വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

 

 

Latest