Connect with us

From the print

സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25% താരിഫ്; തീരുവ യുദ്ധം കടുപ്പിച്ച് ട്രംപ്

രണ്ട് ദിവസത്തിനുള്ളില്‍ പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ്.

Published

|

Last Updated

വാഷിംഗ്ടണ്‍ | വ്യാപാരയുദ്ധം രൂക്ഷമാക്കുന്ന നടപടികളുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു എസിലേക്കുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. രണ്ട് ദിവസത്തിനുള്ളില്‍ പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകള്‍ക്ക് തുല്യമായി യു എസ് നികുതി ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് വ്യക്തമാക്കി. വളരെ ലളിതമായി പറഞ്ഞാല്‍, അവര്‍ നമ്മളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണെങ്കില്‍, നമ്മള്‍ അവരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

മുന്‍ വര്‍ഷത്തെ കണക്ക് പ്രകാരം യു എസിലേക്ക് ഏറ്റവുമധികം സ്റ്റീല്‍ കയറ്റിയയക്കുന്ന രാജ്യം കാനഡയാണ്. ബ്രസീല്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലെന്നാണ് അമേരിക്കന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എ ഐ എസ് ഐ) കണക്കുകള്‍ വ്യക്തമാക്കുന്നത്. യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ 40 ശതമാനവും കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ്.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് കാനഡ, മെക്‌സിക്കോ, ബ്രസീല്‍ പോലുള്ള വിവിധ വ്യാപാര പങ്കാളികള്‍ക്ക് ഇളവുകള്‍ നല്‍കി. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബ്രിട്ടന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവക്കും ഈ ഇളവ് പ്രഖ്യാപിച്ചു.

കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുന്നതിന് ട്രംപ് നേരത്തേ തീരുമാനിച്ചിരുന്നു. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പത്ത് ശതമാനവും നികുതി ചുമത്താനായിരുന്നു തീരുമാനം. മെക്സിക്കോക്ക് എതിരെയുള്ള തീരുവ പ്രാബല്യത്തില്‍ വരുന്നത് പിന്നീട് താത്കാലികമായി മരവിപ്പിച്ചിരുന്നു. ട്രംപിന്റെ നടപടിക്ക് പിന്നാലെ കാനഡയും ചൈനയും യു എസില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യക്കും തിരിച്ചടി
സ്റ്റീല്‍ ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം ഇന്ത്യയെയും ബാധിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് മുന്നറിയിപ്പ് നല്‍കി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍- സെപ്തംബര്‍ കാലയളവില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതി 5.51 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.66 ദശലക്ഷം ടണ്‍ ആയിരുന്നു.

തിരിച്ചടിക്കും
യൂറോപ്യന്‍ യൂനിയനെതിരെ (ഇ യു) അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയാല്‍ യൂറോപ്പിന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചടിക്കാന്‍ കഴിയുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ജര്‍മനിയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചക്കിടെ, അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയാല്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതികരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷോള്‍സ്.

ട്രംപുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest