National
ഗസ്സ ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ഭ്രാന്തന്‍ നിലപാടെന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസിന് മുന്നിലും വന്‍ പ്രതിഷേധം
നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടണ്‍ | ഫലസ്തീനികളെ ആട്ടിപ്പായിച്ച് ഗസ്സ തട്ടിയെുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡ്രൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തിനെതിരെ അമേരിക്കയിലും വന്‍ പ്രതിഷേധം.
ഫലസ്തീനികള്‍ ഗസ്സ വിടണമെന്നും ഗസ്സ ഏറ്റെടുത്ത് വിനോദ കേന്ദ്രമാക്കുമെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രഖ്യാപനം. ഇസ്റാഈൽ പ്രസിഡൻ്റ് നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലും ഗസ്സ ഏറ്റെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
‘ഫലസ്തീന്‍ വില്‍പ്പനക്കുള്ളതല്ല, ഫലസ്തീനെ സ്വതന്ത്രമാക്കുക, ട്രംപിന്റെത് ഭ്രാന്തന്‍ നിലപാടാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നൂറ് കണക്കിനാളുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചു. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടയിലായിരുന്നു വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.
ഫലസ്തീനികള്‍ പുറത്തുപോകണമെന്നും ഗസ്സ ഏറ്റെടുക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ലോകവ്യാപക പ്രതിഷേധം നടക്കുകയാണ്. കനത്ത സുരക്ഷാ സന്നാഹത്തിനിടയില്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തിയപ്പോഴാണ് ‘ഫ്രീ ഫലസ്തീന്‍’ മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്. തങ്ങളുടെ നികുതി പണം ഫലസ്തീനികളെ കൊല്ലാന്‍ ഉപയോഗിക്കുന്നത് അമേരിക്കക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ മൈക്കല്‍ ഷിര്‍ട്ട്‌സര്‍ പറഞ്ഞു. നെതന്യാഹു യുദ്ധ കുറ്റവാളിയാണ്, വംശഹത്യ അവസാനിപ്പിക്കുക, ട്രംപ് ഭരണകൂടം ഇസ്രാഈലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുക തുടങ്ങിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
നെതന്യാഹുവിന്റെ ചിത്രമുയര്‍ത്തി ഇസ്രാഈലിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീനികളെ ഏറ്റെടുക്കണമെന്ന് നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അറബ് രാഷ്ട്രങ്ങള്‍ തള്ളുകയും ഫലസ്തീനികള്‍ ഗസ്സ വിട്ട് എവിടെയും പോകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.