Connect with us

International

വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്

ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു

Published

|

Last Updated

വാഷിങ്ടണ്‍ | വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു.

എന്നാല്‍ ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതോടെ ചൈനയും യൂറോപ്യന്‍ യൂണിയനും തിരിച്ചടി തീരുവ അമേരിക്കയ്‌ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്ന് 84 ശതമാനമായാണ് ചൈന ഇന്ന് ഉയര്‍ത്തിയത്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.

പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് ഡോണാള്‍ഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ എന്തിനും തയ്യാറാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഒത്തു തീര്‍പ്പിലെത്താന്‍ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്കയുടെ പകരത്തീരുവ നയം കഴിഞ്ഞ ദിവസം രാവിലെ മുതലാണ് പ്രാബല്യത്തിലായത്. അമേരിക്കയുടെ പുത്തന്‍ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്.
ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് ഭീമന്‍ തീരുവകള്‍ ചുമത്തിയിരിക്കുന്നത്.