From the print
ബന്ദികളെ ഹമാസ് വിട്ടുനൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും; ട്രംപിന്റെ ഭീഷണി
ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം

വാഷിംഗ്ടൺ | ശനിയാഴ്ച ഉച്ചയോടെ ഗസ്സയിലുള്ള എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഇസ്റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ശനിയാഴ്ച 12ന് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ, ഇത് ഉചിതമായ സമയമാണെന്ന് ഞാൻ കരുതുന്നു, കരാറുകൾ റദ്ദാക്കി ഗസ്സയെ തകർക്കും. ഇതോടെ സമാധാന ശ്രമങ്ങൾ അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ബന്ദികളാക്കിയവരിൽ ഭൂരിഭാഗവും മരിച്ചതായി താൻ കരുതുന്നു. ഗസ്സയിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ജോർദാനും തുർക്കിയയും തയ്യാറായില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കുമുള്ള സഹായം അവസാനിപ്പിക്കുമെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി. സമയപരിധിക്കു ശേഷമുണ്ടാകുന്ന നടപടിയിൽ അമേരിക്കക്ക് പങ്കാളിത്തമുണ്ടാകുമോയെന്ന ചോദ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണും എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഗസ്സ ഏറ്റെടുക്കൽ പദ്ധതി നടപ്പായാൽ ഫലസ്തീനികൾക്ക് അവിടെ യാതൊരു അവകാശവുമുണ്ടായിരിക്കില്ലെന്നും ഗസ്സക്ക് പുറത്ത് ഫലസ്തീനികൾക്കായി ആറ് സ്ഥലങ്ങൾ ഉണ്ടെന്നും ട്രംപ് ആവർത്തിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെക്കുമെന്ന് ഹമാസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്റാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടു പോയത്. ഇതോടെ സമാധാന ചർച്ചകളും തടസ്സപ്പെട്ടു.
ഖത്വറിൽ നടക്കുന്ന ചർച്ച അവസാനിക്കും മുമ്പ് ഇസ്റാഈൽ മടങ്ങി. സൈന്യത്തിന് ഇസ്റാഈൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ആദ്യഘട്ട വെടിനിർത്തലിന്റെ ഭാഗമായി അഞ്ചാം ബന്ദി കൈമാറ്റം നടന്നെങ്കിലും ഇരുപക്ഷവും രൂപപ്പെടുത്തിയ വ്യവസ്ഥകൾ ഇസ്റാഈൽ നഗ്നമായി ലംഘിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു.
അതേസമയം, ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്റാഈലും മുന്നറിയിപ്പ് നൽകി.