International
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് ട്രംപ്; 18,000 ഇന്ത്യക്കാരെ ബാധിക്കും
79 പുരുഷന്മാരും 25 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
അമൃത്സര്‍ | അമേരിക്കയില്‍ അനധികൃതമായി കുടിയേറിയതിനെ തുടർന്ന് യുഎസ് തിരിച്ചയച്ച 104 ഇന്ത്യക്കാരെയുമായി ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. ടെക്‌സസിലെ സാന്‍ ആന്റിയോയില്‍ നിന്നാണ് ഇന്ത്യക്കാരെയുമായി അമേരിക്കയുടെ സൈനിക വിമാനം വിമാനം സി-17 ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 79 പുരുഷന്മാരും 25 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. അടുത്തയാഴ്ച പ്രധാന മന്ത്രി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയിൽ നിന്നള്ള കുടിയേറ്റക്കാരെ യുഎസ് തിരിച്ചയക്കാൻ തുടങ്ങിയത്.
ഇവരിൽ 30 പേര്‍ ഹരിയാനയില്‍ നിന്നുള്ളതും 30 പേര്‍ ഗുജറാത്തില്‍ നിന്നുള്ളതും 30 ആളുകള്‍ പഞ്ചാബില്‍ നിന്നുള്ളവരുമാണ്. തിരിച്ച് എത്തിയവരില്‍ ചിലര്‍ അനധികൃതമായി കുടിയേറിയവരാണെന്നും മറ്റു ചിലര്‍ വിസ കാലാവധി കഴിഞ്ഞവരാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയിരുന്നു. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള പ്രക്രിയക്കാണ് യുഎസ് തുടക്കമിട്ടത്. ചുരുങ്ങിയത് 18,000 ഇന്ത്യക്കാർ ഇത്തരത്തിൽ തിരിച്ചയക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ (DHS) കണക്കുകൾ പ്രകാരം, 20,407 ഇന്ത്യൻ പൗരന്മാർ ഈ നടപടിയിൽ ബാധിതരാകാനിടയുണ്ട്. ഇതിൽ 17,940 പേർ അന്തിമമായി തിരിച്ചയയ്ക്കൽ ഉത്തരവ് ലഭിച്ചവരാണ്. 2,467 പേർ ഇപ്പോൾ തടങ്കലിലാണ്. 2022-ലെ കണക്കുകളാണ് ഇത് എന്നതിനാൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ അന്തിമ പട്ടികയിൽ ഇതിലും കൂടുതൽ പേർ ഉണ്ടാകാനിടയുണ്ട്.