International
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച് ട്രംപ്; 18,000 ഇന്ത്യക്കാരെ ബാധിക്കും
205 ഇന്ത്യൻ പൗരന്മാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു
വാഷിംഗ്ടൺ | അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടി ആരംഭിച്ചു. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള പ്രക്രിയക്കാണ് തുടക്കമായത്. 205 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘവുമായി സി 17 സൈനിക വിമാനം ടെക്സസിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പുറപ്പെട്ടു. ചുരുങ്ങിയത് 18,000 ഇന്ത്യക്കാർ ഇത്തരത്തിൽ തിരിച്ചയക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ആദ്യ സംഘവുമായി സൈനിക വിമാനം പുറപ്പെട്ടത്. ജർമ്മനിയിലെ റാംസ്റ്റൈനിൽ ഇന്ധനം നിറയ്ക്കാൻ നിർത്തുന്ന വിമാനം പിന്നീട് അമൃത്സറിലേക്ക് പുറപ്പെടും. വരും ആഴ്ചകളിൽ കൂടുതൽ ഇന്ത്യൻ പൗരന്മാർ തിരിച്ചയക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന 18,000 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയും അമേരിക്കയും തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ (DHS) കണക്കുകൾ പ്രകാരം, 20,407 ഇന്ത്യൻ പൗരന്മാർ ഈ നടപടിയിൽ ബാധിതരാകാനിടയുണ്ട്. ഇതിൽ 17,940 പേർ അന്തിമമായി തിരിച്ചയയ്ക്കൽ ഉത്തരവ് ലഭിച്ചവരാണ്. 2,467 പേർ ഇപ്പോൾ തടങ്കലിലാണ്. 2022-ലെ കണക്കുകളാണ് ഇത് എന്നതിനാൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ അന്തിമ പട്ടികയിൽ ഇതിലും കൂടുതൽ പേർ ഉണ്ടാകാനിടയുണ്ട്.
അമേരിക്കയിൽ നിന്ന് തിരിച്ചയയ്ക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാവുന്നവരുടെ എണ്ണം ഇപ്പോഴും നിർണ്ണയിക്കാൻ കഴിയില്ല. ഏതൊരു രാജ്യത്തും അനധികൃതമായി കഴിയുന്ന ഇന്ത്യക്കാർ, അവർ നമ്മുടെ പൗരന്മാരാണെന്ന് ഉറപ്പുണ്ടെങ്കിൽ തിരിച്ചെടുക്കാൻ ഇന്ത്യ എല്ലായ്പ്പോഴും തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.
തിരിച്ചയക്കുന്ന പൗരന്മാരെ സ്വീകരിക്കാൻ അതത് രാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ അവർക്ക് എതിരെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ട്രംപിന്റെ രീതി. കൊളംബിയ സൈനിക വിമാനം ഇറങ്ങാൻ അനുവദിക്കാതിരുന്നപ്പോൾ, കൊളംബിയൻ ഉൽപ്പന്നങ്ങളിൽ ട്രംപ് 25% ടാരിഫ് ഏർപ്പെടുത്തി. ഇതിനെ തുടർന്ന് കൊളംബിയ തിരിച്ചയയ്ക്കപ്പെട്ടവരെ തിരിച്ചെടുക്കാൻ തയ്യാറായിരുന്നു.