International
വിജയത്തേരിലേറി ട്രംപ്; ആധികാരികം ഈ തിരിച്ചുവരവ്
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ 127 വര്‍ഷത്തിനു ശേഷമാണ് ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാള്‍ കൂടിയാണ് ട്രംപ്.
വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റായി വിജയമുറപ്പിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി പുറത്തുവരാനുള്ളത്. അമേരിക്കയുടെ 47-ാം പ്രസിഡന്റായാണ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ 127 വര്‍ഷത്തിനു ശേഷമാണ് ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാള്‍ കൂടിയാണ് ട്രംപ്.
സെനറ്റര്‍ ജെ ഡി വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും.
ആകെയുള്ള 538-ല്‍ 267 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ട്രംപ് നേടിയത്. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍ കൂടി ചേരുമ്പോള്‍ വിജയത്തിന് ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ എന്ന സംഖ്യ ട്രംപ് മറികടന്നു. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് 210 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇലക്ടറല്‍ കോളജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്.
2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളജ് വോട്ടിന്റെ ബലത്തിലാണ് പ്രസിഡന്റ് പദവിയിലെത്തിയത്. ഭരണ കാലാവധിയായ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപ് 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.
യു എസ് സെനറ്റില്‍ 51 സീറ്റുകള്‍ റിപബ്ലിക്കന്‍സ് നേടി. നാലു വര്‍ഷത്തിന് ശേഷമാണ് റിപബ്ലിക്കന്‍സ് യു എസ് സെനറ്റില്‍ നിയന്ത്രണം നേടുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളായ പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങള്‍ ട്രംപിന് അനുകൂലമായാണ് വിധി എഴുതിയത്. 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്ക് ഒപ്പമുള്ളൂ എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
വിജയം ഉറപ്പായതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. ഫ്ളോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.