Connect with us

Articles

ട്രംപിസം കലാലയങ്ങള്‍ക്ക് നേരെയും

സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരു കടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചു കൊണ്ട് ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് അലര്‍ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്‌സിറ്റിക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

Published

|

Last Updated

ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭ്രാന്തന്‍ ഭരണ നടപടികള്‍ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനക്ക് സാമ്പത്തിക സഹായം നിറുത്തി വെച്ചതും നാസക്ക് നല്‍കേണ്ട ഫണ്ടില്‍ ഗണ്യമായ കുറവ് വരുത്തിയതുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതികാരച്ചുങ്കം നടപ്പാക്കുന്നത് കാരണമായി ലോകത്തെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളുടെയും എതിര്‍പ്പ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റുവാങ്ങുകയാണ്.
ട്രംപിന്റെ കടന്നുകയറ്റം ഇപ്പോള്‍ സര്‍വകലാശാലകള്‍ക്കു നേരെയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയെ വരിഞ്ഞ് മുറുക്കാനും കഴുത്ത് ഞെരിച്ച് കൊല്ലാനുമുള്ള നീക്കമാണ് യു എസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കൊളംബിയ യൂനിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി, ബ്രൗണ്‍ യൂനിവേഴ്‌സിറ്റി, പ്രിന്‍സ്റ്റന്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകള്‍ക്കു നേരെയും ട്രംപ് വിരല്‍ ചൂണ്ടിക്കഴിഞ്ഞിരിക്കുന്നു.

ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിക്കുള്ള സാമ്പത്തിക സഹായം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചത് ലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. യൂനിവേഴ്‌സിറ്റിയുടെ ഭരണ നിര്‍വഹണത്തില്‍ വൈറ്റ്ഹൗസിന്റെ ഇടപെടല്‍ അനുവദിക്കാതിരുന്നതിന്റെ പ്രതികാരമാണ് ഈ നടപടി. യൂനിവേഴ്‌സിറ്റിക്കുള്ളിലെ ജൂതവിരുദ്ധ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം, ക്യാമ്പസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നതടക്കമുള്ള സര്‍ക്കാറിന്റെ ഉത്തരവുകള്‍ യൂനിവേഴ്‌സിറ്റി പാലിക്കാത്തതാണ് ഈ ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപോര്‍ട്ട്. ഏറ്റവും ഒടുവില്‍ ഈ യൂനിവേഴ്‌സിറ്റിക്കുണ്ടായിരുന്ന ആദായ നികുതി ഇളവും ഫെഡറല്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയെ ഞെരിച്ചു കൊല്ലാന്‍ തന്നെയാണ് ട്രംപ് ഒരുമ്പെട്ടിരിക്കുന്നത്.
ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ തടയണമെന്നും പ്രതിഷേധക്കാരായ വിദ്യാര്‍ഥികളെ പറഞ്ഞു വിടണമെന്നും അടക്കമുള്ള പരിഷ്‌കരണങ്ങള്‍ സര്‍വകലാശാലാ നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനത്തിലും ഇടപെടല്‍ തുടങ്ങിയതോടെ യൂനിവേഴ്‌സിറ്റി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ ഏകാധിപത്യം അംഗീകരിക്കുകയില്ലെന്നാണ് യൂനിവേഴ്‌സിറ്റിയുടെ നിലപാട്. പ്രസിഡന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വലിയ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു.

സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചു കൊണ്ട് ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് അലര്‍ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്‌സിറ്റിക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. അധികാരത്തിലുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അവര്‍ സ്വകാര്യ സര്‍വകലാശാലകള്‍ എന്ത് പഠിപ്പിക്കണം, ആരെ ജോലിക്ക് വെക്കണം, ഏതൊക്കെ പഠന മേഖലകള്‍ ഉള്‍പ്പെടുത്തണം എന്നീ വിഷയങ്ങളില്‍ ഇടപെടരുത്. ആ രാജ്യത്തെ പൗരാവകാശ നിയമ പ്രകാരം ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് അധികാരമില്ല. പെന്‍സില്‍വാനിയ, പ്രിന്‍സ്റ്റന്‍ തുടങ്ങിയ സര്‍വകലാശാലകള്‍ക്കുള്ള സാമ്പത്തിക സഹായവും യു എസ് വിദ്യാഭ്യാസ വകുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇസ്‌റാഈലിന്റെ ഗസ്സാ ആക്രമണത്തെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ ലോകത്തൊട്ടാകെ നടന്നതിന്റെ ഭാഗമായി അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളിലും വിദ്യാര്‍ഥി പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രകടനങ്ങള്‍ ജൂത വിദ്യാര്‍ഥികളെ ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നാണ് സര്‍ക്കാറിന്റെ ഭാഷ്യം. പ്രകടനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളും യൂനിവേഴ്‌സിറ്റികളും മാപ്പ് പറയണമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌റാഈല്‍വിരുദ്ധ പ്രകടനം നടത്തിയതിന് പല വിദ്യാര്‍ഥികളെയും ഇതിനകം അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനില്‍ നിന്നുള്ള വിദ്യാര്‍ഥി മുഹ്‌സന്‍ മെഹ്ദാവിയെ വളരെ നേരത്തേ തന്നെ കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചിരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത് 300ന് പുറത്ത് വിദേശ വിദ്യാര്‍ഥികളെ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്താക്കുമെന്നാണ്.

സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ഹീനമായ നീക്കങ്ങള്‍ ലോകത്തെ വിവിധ ഭരണാധികാരികള്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലുമെല്ലാം നമുക്കിത് കാണാന്‍ കഴിയും. ഇന്ത്യയില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു കൊണ്ട് യൂനിവേഴ്‌സിറ്റികളുടെ സ്വയംഭരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായി ഉണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428