Editors Pick
വിശ്വാസപൂർവം: മുസ്ലിം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ആത്മകഥ
സ്വതന്ത്ര പൂര്‍വ്വ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തില്‍ രൂപപ്പെട്ട കുട്ടിക്കാലം തുടങ്ങി, തന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ നിര്‍ണായക അനുഭവങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെ ആത്മകഥയില്‍ കാന്തപുരം ഓര്‍ത്തെടുക്കുന്നുണ്ട്.
കോഴിക്കോട് | വ്യക്തിഗത അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും പുറമെ കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിന്റെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഇന്ന് പ്രകാശിതമായ കാന്തപുരത്തിന്റെ ആത്മകഥയായ ‘വിശ്വാസപൂർവം’. സ്വതന്ത്ര പൂര്‍വ്വ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തില്‍ രൂപപ്പെട്ട കുട്ടിക്കാലം തുടങ്ങി, തന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളിലെ നിര്‍ണായക അനുഭവങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെ ആത്മകഥയില്‍ കാന്തപുരം ഓര്‍ത്തെടുക്കുന്നുണ്ട്.
ലോക് ഡൗണ്‍ സമയം, ആശുപത്രി വാസത്തിനു ശേഷമുള്ള വിശ്രമ സമയം എന്നിവ ഉപയോഗപ്പെടുത്തിയാണ് കാന്തപുരം ആത്മകഥയുടെ രചന പൂര്‍ത്തിയാക്കിയത്. കേരളത്തിലെ മുസ്ലിം രാഷ്ട്രീയ സാമുദായിക ചരിത്രത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്ന അനുഭവങ്ങളും രേഖകളും ആത്മകഥയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, അഖില കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സാമുദായിക സംഘടനകളുടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, അഖിലേന്ത്യാ മുസ്ലിം ലീഗ്, പ്രോഗ്രസീവ് ലീഗ് തുടങ്ങിയ മുസ്ലിം രാഷ്ട്രീയ സംഘടനകളുടെയും എം ഇ എസ്, എം എസ് എസ്, മോഡേണ്‍ എയ്ജ് സൊസൈറ്റി, ഖുര്‍ആന്‍ സുന്നത് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെയും ചരിത്രങ്ങളെ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്ന ആത്മകഥ, കേരളത്തിലെ മുസ്ലിം സാമുദായിക രാഷ്ട്രീയ ചരിത്രത്തിലെ പുറം ലോകമറിയാത്ത ഒട്ടേറെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലേക്ക് വാതിലുകള്‍ തുറന്നിടുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണമായ ചരിത്രം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ രാഷ്ട്രീയ നിലപാടുകളും അവയുടെ പരിണാമങ്ങളും, സമസ്ത പ്രസിഡന്റ് ആയിരുന്ന സ്വദഖത്തുല്ല മുസ്ലിയാരുടെ രാഷ്ട്രീയ നിലപാടുകള്‍ സമസ്തയിലും ലീഗിലും സി പി എമ്മിലും ഉണ്ടാക്കിയ പ്രതിധ്വനികള്‍, സ്വദഖത്തുള്ള മുസ്ലിയാര്‍ സമസ്തയില്‍ നിന്നും രാജിവെച്ചത്, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വെച്ച കഥ, തുടങ്ങി ഇതുവരെയും പുറം ലോകമറിയാത്ത ഒട്ടേറെ സംഭവ വികാസങ്ങളിലൂടെയും രേഖകളിലൂടെയും പുസ്തകം കടന്നു പോകുന്നുണ്ട്.
ഇകെ അബൂബക്കര്‍ മുസ്ലിയാരുമായുള്ള വ്യക്തി ബന്ധത്തിന്റെ ഓര്‍മ്മകള്‍ പുസ്തകത്തിന്റെ ഭാഗമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജില്‍ നിന്നും ഇ കെ അബൂബക്കര്‍ മുസ്ലിയാരെ പുറത്താക്കിയത്, സമസ്തയില്‍ നിന്നുള്ള ഇകെ അബൂബക്കര്‍ മുസ്ലിയാരുടെ രാജി,
പ്രാസ്ഥാനിക-പൊതു ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ ചരിത്രം, 1950, 60 കളിലെ മലബാറിലെ മുസ്ലിം സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം കുട്ടിക്കാലത്തെയും വിദ്യാര്‍ഥി ജീവിതത്തെയും രൂപപ്പെടുത്തിയത് തുടങ്ങിയവയെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഡലോചനകളെ ഒരുമിച്ചു പ്രതിരോധിച്ച കാലത്തെ കുറിച്ചുള്ള അനുഭവങ്ങള്‍, ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, അവേലത്ത് സയ്യിദ് അബ്ദുല്‍ ഖാദര്‍ തങ്ങള്‍ എന്നിവരുമായുള്ള ആത്മ ബന്ധം, മര്‍കസിന്റെ സ്ഥാപനം, വിവിധ രാഷ്ട്രീയ സംഘടന നേതാക്കളുമായുള്ള ബന്ധം, വിവിധ പ്രധാനമന്ത്രിമാര്‍, വിവിധ രാഷ്ട്ര നേതാക്കള്‍. വി പി സിംഗ്മായുള്ള ബന്ധം പ്രത്യേക പരാമര്‍ശിക്കുന്നു. അവിഭക്ത സമസ്തയുടെ മുശാവറ അംഗമായ ജീവിച്ചിരിക്കുന്ന ഏക വ്യക്തി എന്ന നിലയില്‍ സമസ്തയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങള്‍ പുസ്തകത്തിൽ വായിച്ചെടുക്കാം.
ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമാണ് മറ്റൊരു പ്രധാന ഭാഗം. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുമായുള്ള ബന്ധം, പി എം എസ് എ പൂക്കോയ തങ്ങളോടൊപ്പം എസ വൈ എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്, മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ബന്ധം, , വിദ്യാര്‍ഥി ജീവിതം, പള്ളി ദര്‌സുകളിലെ അധ്യാപന കാലം, സി എച് മുഹമ്മദ് കോയയുമായുള്ള പരിചയം, സമസ്തയുടെ രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെട്ടതിന്റെ പരിണാമങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന അനുഭവങ്ങളും രേഖകളും എല്ലാം പുസ്തകത്തിലുണ്ട്.
കോഴിക്കോട് നഗരത്തിന്റെ രൂപ പരിണാമങ്ങള്‍, തന്റെ പിതാവ് മൗത്താരിയില്‍ അഹമ്മദ് ഹാജിയുടെയും കുഞ്ഞമ്മുട്ടി മുസ്ലിയാരുടെയും നേതൃത്വത്തില്‍ 1927 മക്കയില്‍ സ്ഥാപിച്ച ജംഇയ്യത്തുല്‍ മലബാരിയ്യ എന്ന സംഘടനയുടെയും മദ്രസത്തുല്‍ മലബാരിയ്യ എന്ന സ്ഥാപനത്തിന്റെയും ചരിത്രം കണ്ടെത്തിയ കാര്യം, മലബാര്‍ കലാപത്തിന് ശേഷം മക്ക ഉള്‍പ്പെടെയുള്ള വിവിധ വേഷങ്ങളിലേക്ക് കുടിയേറിയ കേരളത്തിലെ മുസ്ലിംകളുടെ ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. പൂനൂര്‍ എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടന്ന തൊഴിലാളി സംഘടനകളുടെ രൂപീകരണം, മുസ്ലിം ലീഗിലെ പിളര്‍പ്പുകള്‍ എന്നിവയിലൂടെയും ആത്മകഥ കടന്നു പോകുന്നുണ്ട്.
മലയാളി മുസ്ലിംകളുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ‘വിശ്വാസപൂർവം’.