National
എന്തുവന്നാലും ഇന്ത്യയെ സംരക്ഷിക്കുകയെന്ന ദൗത്യം തുടരും; സ്നേഹത്തിനും പിന്തുണക്കും നന്ദി: രാഹുൽ ഗാന്ധി
പ്രതികരണം ട്വിറ്ററിൽ
ന്യൂഡൽഹി | അപകീർത്തിക്കേസിൽ തനിക്കെതിരായ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുതന്നെ സംഭവിച്ചാലും ഇന്ത്യ എന്ന ആശയം സംരക്ഷിക്കുക എന്ന കടമ താൻ നിർവഹിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Come what may, my duty remains the same.
Protect the idea of India.
— Rahul Gandhi (@RahulGandhi) August 4, 2023
പിന്നീട് എ ഐ സി സി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്ക് ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ചു.
“ഇന്നല്ലെങ്കിൽ നാളെ, നാളെയല്ലെങ്കില് മറ്റന്നാളെ, സത്യം ജയിക്കും. പക്ഷേ, എന്റെ വഴി വ്യക്തമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്, എന്താണ് എന്റെ ജോലി എന്നതിനെക്കുറിച്ച് എന്റെ മനസ്സിൽ വ്യക്തതയുണ്ട്. ഞങ്ങളെ സഹായിച്ചവർക്ക് നന്ദി. ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു” – രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് രാഹുലിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായത്. കേസിൽ മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം.