Connect with us

kashmir files

കലയിലെ സത്യങ്ങളും സത്യത്തിന്റെ കലകളും

ഒരു സംഭവത്തില്‍ പക്ഷം പിടിക്കുന്നതിലോ, സ്ഥിരമായ അഭിപ്രായം ഉണ്ടാകുന്നതിലോ അപാകമായ ഒന്നുമില്ല. എന്നാല്‍, ഒരു കാര്യത്തെ വികലമായും വളച്ചൊടിച്ചും അവതരിപ്പിക്കുകയും അത് വെറുപ്പ് വളര്‍ത്തുന്നതിന് കാരണമാകുകയും ചെയ്യുക എന്നത് നീതീകരിക്കാനാകില്ല. അത്തരമൊരു സിനിമയെ പ്രശസ്തവും പഴക്കം ചെന്നതുമായ ഇന്ത്യന്‍ അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെയാണ് നദാവ് ലാപിഡ് ചോദ്യം ചെയ്തത്.

Published

|

Last Updated

ടുത്ത കാലത്തൊന്നും കാണാത്ത വിധത്തിലുള്ള അതിതീവ്രമായ ഒരു ക്ഷമാപണം, അതും വളരെ പെട്ടെന്ന് ഇന്ത്യക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കായുള്ള ഇസ്‌റാഈലിന്റെ അംബാസഡര്‍ നവോര്‍ ഗിലാന്‍ ആണ് ഈ ക്ഷമാപണം നടത്തിയത്. മറ്റൊരു ഇസ്‌റാഈലി പൗരനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ ക്ഷമാപണം നടത്തിയത്. ലോകപ്രശസ്ത ചലച്ചിത്രകാരനായ നദാവ് ലാപിഡിനെയാണ് ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ എഴുതി അംബാസഡര്‍ തിരുത്തിയത്.

നിങ്ങള്‍ ധൈര്യപൂര്‍ണമായ ഒരു പ്രസ്താവന നടത്തി എന്ന അഭിമാനത്തോടെ ഇസ്‌റാഈലിലേക്ക് സുരക്ഷിതമായി തിരിച്ചുപോകും. ഞങ്ങള്‍ക്ക് ഇവിടെ തുടരേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ മാപ്പുപറച്ചിലിന് കാരണമായ സംഭവം എന്താണ്?

ഗോവയിലെ പനാജിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യയുടെ അമ്പത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഇഫി)യുടെ ജൂറി അധ്യക്ഷനായിരുന്നു നദാവ് ലാപിഡ്. ലോകപ്രശസ്ത മേളകളായ കാന്‍, ബെര്‍ലിന്‍ അടക്കമുള്ളവയില്‍ മികച്ച സിനിമകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലാപിഡിന്റെ പുതിയ സിനിമ, കഴിഞ്ഞ വര്‍ഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ എഫ് എഫ് കെ)യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ മേളയിലും മുമ്പ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മേളയുടെ സമാപന ദിവസം കേന്ദ്ര മന്ത്രി അടക്കമുള്ളവര്‍ ഇരുന്നിരുന്ന വേദിയില്‍ വെച്ച്, നദാവ് ലാപിഡ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം മത്സര വിഭാഗത്തിലുള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു. കൃത്രിമമായ ചലച്ചിത്രകൗശലം (സിനിമാറ്റിക് മാനിപ്പുലേഷന്‍) ആണ് കശ്മീര്‍ ഫയല്‍സ് എന്നും അത് വിലകുറഞ്ഞ പ്രചാരണ ചിത്രം മാത്രമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാറിനെയും അവരെ അനുകൂലിക്കുന്നവരെയും പ്രകോപിപ്പിക്കുമെന്ന് മനസ്സിലാക്കിയാണ് അംബാസഡര്‍ ആരും ആവശ്യപ്പെടാതെ തന്നെ ക്ഷമാപണം പുറപ്പെടുവിച്ചത്.

കശ്മീര്‍ ഫയല്‍സില്‍ നല്ലവരെയും ചീത്തവരെയും വേര്‍തിരിച്ചതും ശബ്ദത്തിനെയും ഇമേജിനെയും ഉപയോഗപ്പെടുത്തിയതും എല്ലാം തികച്ചും ബാലിശമായും ആനിമേഷന്‍ കാര്‍ട്ടൂണുകളിലേതു പോലെയുമാണെന്നാണ് നദാവ് ലാപിഡ് പറയുന്നത്. ഒരു സംഭവത്തില്‍ പക്ഷം പിടിക്കുന്നതിലോ, സ്ഥിരമായ അഭിപ്രായം ഉണ്ടാകുന്നതിലോ അപാകമായ ഒന്നുമില്ല. എന്നാല്‍, ഒരു കാര്യത്തെ വികലമായും വളച്ചൊടിച്ചും അവതരിപ്പിക്കുകയും അത് വെറുപ്പ് വളര്‍ത്തുന്നതിന് കാരണമാകുകയും ചെയ്യുക എന്നത് നീതീകരിക്കാനാകില്ല. അത്തരമൊരു സിനിമയെ പ്രശസ്തവും പഴക്കം ചെന്നതുമായ ഇന്ത്യന്‍ അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പല സംസ്ഥാനങ്ങളിലും നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ചിലയിടത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ഈ സിനിമ കാണുന്നതിന് അര്‍ധ ദിവസ അവധി വരെ അനുവദിച്ചു. 1990കളില്‍ കശ്മീരില്‍ നടന്ന പണ്ഡിറ്റുകളുടെ പലായനത്തെയാണ് സിനിമ ആസ്പദമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ പലയിടത്തും ഈ സിനിമ ആഘോഷിക്കപ്പെട്ടപ്പോള്‍, സിംഗപ്പൂര്‍ അടക്കം പലയിടങ്ങളിലും അത് കാണിക്കാന്‍ അനുവാദം കൊടുക്കുകയുണ്ടായില്ല. ഇന്ത്യയിലാകട്ടെ പലയിടങ്ങളിലും സിനിമ, ആരാധകരെ ഹരം പിടിപ്പിക്കുകയും വെറുപ്പ് കലര്‍ന്ന മുദ്രാവാക്യങ്ങള്‍ കൊണ്ട് സിനിമാശാലകള്‍ അവര്‍ മുഖരിതമാക്കുകയും ചെയ്തു.

കശ്മീര്‍ ഫയല്‍സ് ഉള്‍ക്കൊള്ളുന്ന അതിഹൈന്ദവ, മതേതരവിരുദ്ധ രാഷ്ട്രീയവും അതിനു ലഭിച്ച സ്വീകാര്യതയും ഒട്ടും ശുഭോദര്‍ക്കമല്ലെന്ന് നിരൂപകനായ ഹരിനാരായണന്‍ പറയുന്നു. കശ്മീര്‍ ഫയല്‍സ് വസ്തുതകളെ ബോധപൂര്‍വം തമസ്‌കരിച്ചും തങ്ങള്‍ക്കനുകൂലമായ തരത്തില്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടും ഒരു ലക്ഷണമൊത്ത പ്രോപ്പഗാണ്ട ചിത്രമായി മാറുകയാണ്. കരുതിയിരിക്കേണ്ടത് മതേതര ഇന്ത്യയാണ് എന്ന് ഹരിനാരായണന്‍ പറയുന്നു. (ഇന്ത്യയിലെ സിനിമകള്‍, സിനിമയിലെ ഇന്ത്യകള്‍ എന്ന ചിന്ത പബ്ലിഷേഴ്സ് ഉടനെ പുറത്തിറക്കുന്ന പുസ്തകത്തില്‍ ഹരിനാരായണന്റെ മുഴുവന്‍ ലേഖനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്).

ഒരു സിനിമയെ സംബന്ധിച്ച വിമര്‍ശനം രാഷ്ട്രത്തെ സംബന്ധിച്ച വിമര്‍ശനമല്ലെന്ന ബോധ്യത്തോടെ ഇക്കാര്യം നോക്കിക്കാണാവുന്നതേ ഉള്ളൂ. മാത്രമല്ല, സിനിമാ വിമര്‍ശനം എന്നത് സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു വിനിമയവുമാണ്. കലക്കെന്നതു പോലെ ജീവിതത്തിനും വിമര്‍ശനാത്മക സംവാദം അത്യാവശ്യമാണെന്ന കാര്യം നദാവ് ലാപിഡ് എടുത്തു പറഞ്ഞു.
തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും ആക്ഷേപങ്ങളുയര്‍ത്തിയവരും ഈ കലാകൃത്രിമത്തിന്റെ ഇരകളാണെന്നദ്ദേഹം പറയുന്നു. ഞാനെന്താണ് പറയുന്നത് അല്ലെങ്കില്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം ക്ഷമയോടെ ശ്രദ്ധിക്കാനോ ഉള്‍ക്കൊള്ളാനോ അവര്‍ തയ്യാറാകുന്നില്ല.
സത്യം തുറന്നു പറയാന്‍ കലാകാരന് ഉത്തരവാദിത്വമുണ്ടെന്ന ആത്യന്തിക യാഥാര്‍ഥ്യമാണ് നദാവ് ലാപിഡ് ഉയര്‍ത്തിപ്പിടിക്കുന്നത്.

Latest