Kerala
കോക്പിറ്റിൽ കയറാൻ ശ്രമം; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബൈയിൽ സിനിമാ പ്രൊമോഷന് ശേഷം കേരളത്തിലേക്ക് മടങ്ങവെയാണ് സംഭവം.

ദുബൈ | നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. നടന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എയർലൈൻസ് അധികൃതരുടെ നപടി.
ദുബൈയിൽ സിനിമാ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങവെയാണ് സംഭവം. വിമാനത്തിൽ അസ്വാഭാവിക രീതിയിൽ പെരുമാറിയ നടൻ കോക്പിറ്റിലേക്ക് കയറാൻ ശ്രമം നടത്തിയപ്പോഴാണ് എയർലൈൻ അധികൃതർ പിടിച്ച് പുറത്താക്കിയത്. ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് വിവരം. നിലവിൽ ദുബൈ വിമാനത്താവളം എമിഗ്രേഷൻ വിഭാഗത്തിലാണ് ഷൈൻ ഉള്ളത്. ഷൈനിനെ വൈദ്യപരിശോധനക്ക് വിധേയനാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഇവന്റിൽ പങ്കെടുക്കാനായാണ് ഷൈൻ ടോം ചാക്കോ ദുബൈയിൽ എത്തിയത്. 2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സിനിമാ മേഖലയിൽ നിന്ന് കുറച്ചുകാലം വിട്ടുനിന്ന ഷൈൻ അടുത്തിടെയാണ് വീണ്ടും സജീവമായത്.