Kerala
മുസ്‌ലിം വിരോധം വളര്‍ത്താന്‍ ശ്രമിക്കുന്നു; പ്രധാന മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസടുക്കണമെന്ന് പിണറായി
'രാജ്യത്തിന്റെ പുത്രന്മാരെയാണ് നുഴഞ്ഞുകയറ്റക്കാരെന്നു വിളിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനയിലൂടെ ചട്ടങ്ങളും നിയമങ്ങളുമെല്ലാം പരസ്യമായി ലംഘിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.'
കണ്ണൂര്‍ | മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും മറ്റുമുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സങ്കല്‍പ കഥകള്‍ കെട്ടിയുണ്ടാക്കി ദേശവിരുദ്ധ പ്രസംഗം നടത്തിയ മോദി മുസ്‌ലിം വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ശ്രീകണ്ഠാപുരത്ത് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി ആരോപിച്ചു.
മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് പ്രധാന മന്ത്രി പദവിയില്‍ ഇരിക്കുന്നയാള്‍ക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്റെ പുത്രന്മാരെയാണ് നുഴഞ്ഞുകയറ്റക്കാരെന്നു വിളിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനയിലൂടെ ചട്ടങ്ങളും നിയമങ്ങളുമെല്ലാം പരസ്യമായി ലംഘിച്ചിരിക്കുകയാണ് പ്രധാന മന്ത്രി. ഇങ്ങനെയൊക്കെ പറഞ്ഞാലും നടപടിയൊന്നും ഉണ്ടാകില്ലെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന ചോദ്യമുന്നയിച്ച പിണറായി, വര്‍ഗീയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജസ്ഥാനില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാന മന്ത്രി മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നും പ്രധാന മന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗം, നുഴഞ്ഞുകയറ്റക്കാര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളും മോദി മുസ്‌ലിംകള്‍ക്കെതിരേ നടത്തി.
‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്‌ലിംകള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്.’ ഇങ്ങനെ പോയി മോദിയുടെ പരാമര്‍ശങ്ങള്‍.
പ്രധാന മന്ത്രിയുടെ വാക്കുകള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്നും പ്രധാന മന്ത്രിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.