Kerala
വിദ്വേഷം പരത്തി വോട്ട് നേടാന്‍ ശ്രമം; മോദിയുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭാ മുഖപത്രം
'മോദിയുടെ പ്രസംഗം ഒരു പ്രധാന മന്ത്രിക്ക് ചേര്‍ന്നതല്ല. പ്രധാന മന്ത്രി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മാപ്പ് പറയണം.'
തിരുവനന്തപുരം | പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭാ മുഖപത്രം ജീവനാദം. രാജസ്ഥാനില്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജീവനാദത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു.
മോദിയുടെ പ്രസംഗം ഒരു പ്രധാന മന്ത്രിക്ക് ചേര്‍ന്നതല്ല. വിദ്വേഷം പരത്തി വോട്ട് നേടാനാണ് ശ്രമം. പ്രധാന മന്ത്രി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും മാപ്പ് പറയണമെന്നും ജീവനാദം ആവശ്യപ്പെട്ടു.’വെറുപ്പില്‍ നിന്നുള്ള മുക്തിക്കായി’ എന്ന പേരിലാണ് മുഖപ്രസംഗം.
ഒരു പ്രധാന മന്ത്രിയും ഇങ്ങനെ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടില്ല. 2002 ലെ ഗുജറാത്ത് സ്‌റ്റൈല്‍ വര്‍ഗീയ ധ്രുവീകരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. അപരമത വിദ്വേഷത്തിന്റെ ജുഗുപ്‌സവാഹമായ ആഖ്യാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദിക്കുള്ള മറുപടിയായി പോളിങ് ബൂത്തില്‍ ചൂണ്ടുവിരല്‍ നീട്ടണമെന്നും ജീവനാദം വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.