Kerala
ടിടിഇയുടെ മരണകാരണം തലയിലേറ്റ ക്ഷതം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വിനോദിന്റെ ശരീരത്തിൽ ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയതായും റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ | ട്രെയിനിൽ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തിയ എറണാകുളം സൗത്തിലെ ടിടിഇ മഞ്ഞുമ്മൽ മൈത്രി നഗറിൽ കെ.വിനോദിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ പരിക്കുകയും കാലുകൾ അറ്റുപോയതുമാണ് വിനോദിന്റെ മരണത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിനോദിന്റെ ശരീരത്തിൽ ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയതായും റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് എറണാകുളം– പട്ന എക്സ്പ്രസ് തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തെത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം. ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി പുറത്തെക്ക് തള്ളുകയായിരുന്നു. പ്രതി ഒഡീഷ സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണജിത്തിൽ നിന്ന് ടിടിഇ ആയിരം രൂപ ഫൈൻ ഈടാക്കിയിരുന്നു. ഇതെ തുടർന്ന് ടിടിഇയുമായി തർക്കിച്ച രണജിത്ത് അൽപസമയത്തിന് ശേഷം ടിടിഇ വാതിലിന് സമീപം നിന്ന് വെള്ളം കുടിക്കുന്നതിനിടെ പുറത്തേക്ക് തള്ളുകയായിരുന്നു.
ട്രെയിനിന്റെ എസ് 11 കോച്ചിലെ വാതിലിൽ നിന്നാണ് പ്രതി വിനോദിനെ തള്ളിവീഴ്ത്തിയത്. ഇതേതുടർന്ന് വിനോദ് തലയടിച്ച് തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ആ ട്രാക്കിലൂടെ കടന്നുപോയ മറ്റൊരു ട്രെയിൻ വിനോദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് കരുതുന്നത്. ഇതാണ് കാലുകൾ അറ്റുപോകാൻ ഇടയാക്കിയതെന്നാണ് നിഗമനം.
വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തൃശൂരിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുപോയി. മഞ്ഞുമ്മലിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്ന വിനോദിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ എല്ലാവരിലും പ്രകടമായിരുന്നു.