Connect with us

Kerala

ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ടു കൊന്ന ടി ടി ഇ. വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Published

|

Last Updated

തൃശൂര്‍ | ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി ടി ഇ. കെ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇന്നലെ വൈകിട്ടാണ് എറണാകുളം-പാറ്റ്‌ന എക്‌സ്പ്രസ്സില്‍ വെച്ച് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിനാണ് ഒഡീഷ സ്വദേശിയായ രജനീകാന്ത, എറണാകുളം സ്വദേശിയായ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ട്രെയിന്‍ തൃശൂര്‍ വെളപ്പായയില്‍ എത്തിയപ്പോഴാണ് രജനീകാന്ത കൃത്യം നടത്തിയത്.

പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

ഉദ്ദേശ്യം കൊലപാതകം തന്നെ: എഫ് ഐ ആര്‍
കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് രജനീകാന്ത, വിനോദിനെ തള്ളിയതെന്ന് പോലീസ് എഫ് ഐ ആര്‍. വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്ന വിനോദിനെ പിറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ടിക്കറ്റില്ലാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതായി ദൃക്‌സാക്ഷി പറഞ്ഞു. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തെറി വിളിച്ചു. തെറി നിര്‍ത്താതെയായപ്പോള്‍ വിനോദ് പാലക്കാട് റെയില്‍വേ പോലീസിനെ ബന്ധപ്പെട്ടു. തന്നെ കുറിച്ചാണ് പരാതി പറയുന്നതെന്ന് മനസ്സിലാക്കിയ പ്രതി ടി ടി ഇയെ തള്ളിയിടുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തന്നെ മര്‍ദിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷി വ്യക്തമാക്കി.

പ്രതി രജനീകാന്ത അടുത്ത കാലം വരെ കുന്നംകുളത്തെ ഒരു ബാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മദ്യപിച്ചെത്തുന്നതിനാല്‍ രണ്ട് മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest