National
തുരങ്ക അപകടം: തൊഴിലാളികളെ ഋഷികേശ് എയിംസിലേക്ക് മാറ്റി
ചിന്യാലിസൗറിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു തൊഴിലാളികളെ ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് എയർക്രാഫ്റ്റിലാണ് എയിംസിലേക്ക് കൊണ്ടുപോയത്.
ന്യൂഡൽഹി | ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും വിദഗ്ധ ചികിത്സക്കായി ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ചിന്യാലിസൗറിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു തൊഴിലാളികൾ. ഇവിടെ നിന്നും ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് എയർക്രാഫ്റ്റിലാണ് തൊഴിലാളികളെ എയിംസിലേക്ക് കൊണ്ടുപോയത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
17 ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രി എട്ട് മണിയോടയാണ് തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനായത്. അത്യാധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് നടത്തിയ ശ്രമങ്ങൾ പാതിവഴിയിൽ നിലച്ചതോടെ ഖനികളിൽ ജോലി ചെയ്യുന്ന റാറ്റ് ഹോൾ തൊഴിലാളികളുടെ സഹായത്തോടെ കൈകൊണ്ട് തുരന്നാണ് തൊഴിലാളികളിലേക്ക് എത്താനായത്.
ചൊവ്വാഴ്ച വൈകീട്ട് 7.50ഓടെയാണ് ആദ്യ തൊഴിലാളിയെ തുരങ്കത്തിൽ നിന്ന് പുറത്തെടുത്തത്. ഏകദേശം 45 മിനിറ്റിനുശേഷം, 41 തൊഴിലാളികളെയും ഒന്നിനുപുറകെ ഒന്നായി പുറത്തെടുത്തു. പിന്നീട് എല്ലാവരുടെയും മെഡിക്കൽ പരിശോധന തുരങ്കത്തിൽ പണിത താൽക്കാലിക ആശുപത്രിയിൽ നടത്തി. അതിനുശേഷം ആംബുലൻസിൽ 30-35 കിലോമീറ്റർ അകലെയുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായരിുന്നു.
രക്ഷപ്പെടുത്തിയ തൊഴിലാളികൾ 24 മണിക്കൂറും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയും. ആശുപത്രി ചികിൽസക്കുള്ള ചെലവ് സർക്കാർ വഹിക്കും. ഇവ കൂടാതെ തൊഴിലാളികൾക്കും കുടുംബത്തിനും ഭക്ഷണവും താമസവും സർക്കാർ ഒരുക്കുന്നുണ്ട്. 41 തൊഴിലാളികൾക്കും ഒരു ലക്ഷം രൂപ സഹായമായി നൽകും. ഇതിന് പുറമെ തൊഴിലാളികൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ധമി സർക്കാർ ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചു.