Connect with us

National

തുരങ്ക അപകടം: തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപവീതം സഹായം; കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ശമ്പളത്തോട് കൂടിയ അവധിയും

രക്ഷപ്പെടുത്തിയ തൊഴിലാളികൾ 24 മണിക്കൂറും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആശുപത്രി ചികിൽസക്കുള്ള ചെലവ് സർക്കാർ വഹിക്കും

Published

|

Last Updated

ന്യൂഡൽഹി | ഉത്തരകാശിയിലെ സിൽക്യാര തുരങ്കം തകർന്ന് അതിനുള്ളിൽ കുടുങ്ങുകയും 17 ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത തൊഴിലാളികൾക്ക സഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. 41 തൊഴിലാളികൾക്കും ഒരു ലക്ഷം രൂപ സഹായമായി നൽകും. ഇതിന് പുറമെ തൊഴിലാളികൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ധമി സർക്കാർ ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചു. നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനായത്. അത്യാധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് നടത്തിയ ശ്രമങ്ങൾ പാതിവഴിയിൽ നിലച്ചതോടെ ഖനികളിൽ ജോലി ചെയ്യുന്ന റാറ്റ് ഹോൾ തൊഴിലാളികളുടെ സഹായത്തോടെ കൈകൊണ്ട് തുരന്നാണ് തൊഴിലാളികളിലേക്ക് എത്താനായത്.

ചൊവ്വാഴ്ച വൈകീട്ട് 7.50ഓടെയാണ് ആദ്യ തൊഴിലാളിയെ തുരങ്കത്തിൽ നിന്ന് പുറത്തെടുത്തത്. ഏകദേശം 45 മിനിറ്റിനുശേഷം, 41 തൊഴിലാളികളെയും ഒന്നിനുപുറകെ ഒന്നായി പുറത്തെടുത്തു. തുരങ്കത്തിന് പുറത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുരങ്കത്തിന് പുറത്ത് വന്ന ഉടൻ തന്നെ തൊഴിലാളികളെ പൂമാലകൾ അണിയിച്ച് സ്വീകരിച്ചു. പിന്നീട് എല്ലാവരുടെയും മെഡിക്കൽ പരിശോധന തുരങ്കത്തിൽ പണിത താൽക്കാലിക ആശുപത്രിയിൽ നടത്തി. അതിനുശേഷം ആംബുലൻസിൽ 30-35 കിലോമീറ്റർ അകലെയുള്ള ചിന്യാലിസൗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രക്ഷപ്പെടുത്തിയ തൊഴിലാളികൾ 24 മണിക്കൂറും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആശുപത്രി ചികിൽസക്കുള്ള ചെലവ് സർക്കാർ വഹിക്കും. ഇവ കൂടാതെ തൊഴിലാളികൾക്കും കുടുംബത്തിനും ഭക്ഷണവും താമസവും സർക്കാർ ഒരുക്കുന്നുണ്ട്.

തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയ തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനം പ്രധാനമന്ത്രി നിരന്തരം നിരീക്ഷിച്ചിരുന്നു. തൊഴിലാളികളുടെ ധൈര്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെയും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെടുക്കുന്നതിൽ റാറ്റ് ഹോൾ തൊഴിലാളികളുടെ ശ്രമം രാജ്യവ്യാപകമായി പ്രശംസിക്കപ്പെട്ടു. കൈകൊണ്ട് തുരങ്കം നിർമിച്ചാണ് അവർ തൊഴിലാളികളുടെ അടുത്തെത്തിയത്. രക്ഷാപ്രവർത്തകരും തൊഴിലാളികളും തമ്മിൽ 60 മീറ്റർ അകലമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ മുക്കാൽ ഭാഗവും യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് തുരന്നത്. അവസാന 10-12 മീറ്റർ കൈകൊണ്ട് കുഴിച്ച ശേഷം, പൈപ്പുകൾ ഉള്ളിൽ കയറ്റിയാണ് തൊഴിലാളികൾക്ക് രക്ഷാവഴി ഒരുക്കിയത്. തുരങ്ക അവശിഷ്ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടി യന്ത്രങ്ങൾ പണിമുടക്കിയതോടെ രക്ഷാപ്രവർത്തനം നിശ്ചലാവസ്ഥയിലായ ഘട്ടത്തിലാണ് റാറ്റ് ഹോൾ തൊഴിലാളികളുടെ സഹായം തേടിയത്.

ഇന്ത്യയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു ഉത്തരകാശിയിലേത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന എല്ലാ തുരങ്കങ്ങളും പുനഃപരിശോധിക്കാൻ പുഷ്കർ ധാമി സർക്കാർ നിർദേശം നൽകി. നിലവിൽ തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.

Latest