National
തുരങ്ക ദുരന്തം: ലോഹവസ്തുവിൽ തട്ടി ഓഗർ മെഷീൻ വീണ്ടും നിലച്ചു; മാന്വൽ ഡ്രില്ലിംഗ് നടത്താൻ ആലോചന
കുടുങ്ങിക്കിടക്കുന്ന നിർമാണത്തൊഴിലാളികളിലേക്ക് എത്തുന്നതിന് 10-12 മീറ്റർ ഡ്രില്ലിംഗ് മാത്രമേ ശേഷിക്കുന്നുള്ളൂ
ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ കഴിഞ്ഞ 14 ദിവസമായി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്തിൽ വീണ്ടും വെല്ലുവിളി. അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് വീണ്ടും തടസ്സപ്പെട്ടു. ഇതേതുടർന്ന് മാന്വൽ ഡ്രില്ലിംഗ് നടത്താനാണ് ആലോചന.
സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് ഡ്രില്ലിമഗ് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് രാത്രി വീണ്ടും ഡ്രില്ലിംഗ് തുടങ്ങിയെങ്കിലും വീണ്ടും തടസ്സം നേരിട്ടു. തകർന്നടിഞ്ഞ തുരങ്കാവശിഷ്ടങ്ങൾക്കിടയിലെ ലോഹവസ്തുക്കളുടെ സാന്നിധ്യമാണ് ഡ്രില്ലിംഗ് തടസ്സപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഉപകരണം ഒഴിവാക്കി മാന്വൽ ഡ്രില്ലിംഗ് നടത്തുന്നത് ആലോചിക്കുന്നത്. മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗിനേക്കാൾ വളരെയധികം സമയം എടുക്കുമെന്നതാണ് മാന്വൽ ഡ്രില്ലിംഗിന്റെ പ്രശ്നം.
കുടുങ്ങിക്കിടക്കുന്ന നിർമാണത്തൊഴിലാളികളിലേക്ക് എത്തുന്നതിന് 10-12 മീറ്റർ ഡ്രില്ലിംഗ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഡ്രില്ലിംഗ് തുടരുന്നതിനിടെയാണ് വീണ്ടും തടസ്സപ്പെട്ടിരിക്കുന്നത്.