National
തുരങ്ക രക്ഷാ ദൗത്യം: അമേരിക്കൻ മെഷീൻ 'തോറ്റു'; ദൗത്യം ഏറ്റെടുത്ത് സൈന്യം
ഇന്ത്യൻ ആർമിയിലെ കോർപ്‌സ് ഓഫ് എഞ്ചിനീയർമാരുടെ എഞ്ചിനീയർ ഗ്രൂപ്പായ മദ്രാസ് സാപ്പേഴ്‌സിന്റെ ഒരു യൂണിറ്റ് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.
ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ രക്ഷാ ദൗത്യം ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം. അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈന്യത്തിന്റെ സഹായം തേടിയത്. സൈന്യം മാന്വൽ ഡ്രില്ലിംഗ് നടത്തി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ആർമിയിലെ കോർപ്‌സ് ഓഫ് എഞ്ചിനീയർമാരുടെ എഞ്ചിനീയർ ഗ്രൂപ്പായ മദ്രാസ് സാപ്പേഴ്‌സിന്റെ ഒരു യൂണിറ്റ് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.
തുരങ്കത്തിന്റെ 60 മീറ്ററോളം ഭാഗമാണ് കല്ലും മണ്ണും ഇടിഞ്ഞ് അടഞ്ഞുപോയത്. ഇതിൽ 45 മീറ്ററോളം ഭാഗം ഓഗർ മെഷീനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് തുരന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനിടെ തുരങ്ക അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളികളിൽ തട്ടി ഓഗർ മെഷീന്റെ ബ്ലേഡ് തകരുകയും ഡ്രില്ലിംഗ് തടസ്സപ്പെടുകയും ചെയ്തു. മെഷീന്റെ ചില ഭാഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുക കൂടി ചെയ്തതോടെ ഡ്രില്ലിംഗ് പൂർണമായും വഴിമുട്ടി. ഇതോടെയാണ് സൈന്യത്തിന്റെ സഹായത്തോടെ മാന്വൽ ഡ്രില്ലിംഗ് നടത്താൻ തീരുമാനിച്ചത്.
നിലവിൽ ഡ്രില്ലിംഗ് നടത്തിയ ഭാഗത്തേക്ക് ഒരു തൊഴിലാളിയെ പ്രവേശിപ്പിക്കുകയും അദ്ദേഹം കുറച്ച് സമയം ഡ്രില്ലിംഗ് നടത്തി പുറത്തുവന്ന ശേഷം, മറ്റൊരാൾ ഡ്രില്ലിംഗ് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് മാന്വൽ ഡ്രില്ലിംഗ് ക്രമീകരിച്ചിരിക്കുന്നത്.
തൊഴിലാളികളെ രക്ഷിക്കാൻ ഒന്നിലധികം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നാഷണൽ ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹമൂദ് അഹമ്മദ് പറഞ്ഞു. വലിയ തടസ്സങ്ങളൊന്നുമില്ലെങ്കിൽ വെർട്ടിക്കൽ ഡ്രില്ലിംഗ് രീതിയിലൂടെ തുരങ്കത്തിലെത്താൻ നാല് ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യം എന്ന് പൂർത്തീകരിക്കുമെന്ന് ഇപ്പോൾ വ്യക്തമായി പറയാനാകില്ലെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
കഴിഞ്ഞ നവംബർ 12നാണ് തുരങ്കം തകർന്ന് 41 തൊഴിലാളികൾ അതിൽ അകപ്പെട്ടത്. അന്ന് മുതൽ തുങ്ങിയ രക്ഷാപ്രവർത്തനം ഇപ്പോൾ 360 മണിക്കൂറുകൾ പിന്നിട്ടു. വെളിച്ചം, ഓക്‌സിജൻ, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ ലഭ്യമായതിനാൽ തൊഴിലാളികൾ സുരക്ഷിതരാണ്.