Editorial
തുരങ്ക ദുരന്തങ്ങള്‍ കണ്ണുതുറപ്പിക്കണം
തുരങ്ക നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് സൂക്ഷ്മമായ ആസൂത്രണവും സമഗ്രമായ ഭൂമിശാസ്ത്ര സര്‍വേകളും അത്യാവശ്യമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തുരങ്ക ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്.

തെലങ്കാന നാഗര്‍കൂര്‍ണൂല്‍ ജില്ലയിലെ തുരങ്കത്തില്‍ കുടുങ്ങിപ്പോയ എട്ട് പേരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഫെബ്രുവരി 22നാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ് എല്‍ ബി സി) തുരങ്കത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞുവീണ് ആറ് തൊഴിലാളികളും രണ്ട് എന്‍ജിനീയര്‍മാരും അകത്ത് കുടുങ്ങിയത്. ശ്രീശൈലം ഡാമിന്റെ പിന്നിലെ തുരങ്കത്തില്‍ അനുഭവപ്പെട്ട ചോര്‍ച്ച പരിഹരിക്കാന്‍ തുരങ്കത്തില്‍ കയറിയതായിരുന്നു ഇവര്‍. കരസേന, നാവികസേന, എന്‍ ഡി ആര്‍ എഫ്, റാറ്റ് മൈനേഴ്സ് തുടങ്ങി പതിനൊന്ന് ഏജന്‍സികളിലെ അഞ്ഞൂറോളം പേര്‍ പത്ത് ദിവസമായി കഠിന ശ്രമത്തിലാണെങ്കിലും തൊഴിലാളികള്‍ അകപ്പെട്ട ഭാഗം കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്താനും സാധിക്കാതെ വന്നതാണ് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കിയത്. തുരങ്കം ഇടിഞ്ഞുവീണ ഭാഗത്ത് വെള്ളവും ചെളിയും നിറഞ്ഞതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടം നടക്കുന്ന സമയത്ത് 60 പേരുണ്ടായിരുന്നു തുരങ്കത്തിനകത്ത്. 52 പേരെ രക്ഷിക്കാനായെങ്കിലും എട്ട് പേര്‍ ഉള്ളില്‍ അകപ്പെടുകയായിരുന്നു.
തുരങ്കം തകര്‍ന്നുള്ള ദുരന്തങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട് രാജ്യത്ത്. 2023 നവംബര്‍ 12ന് ഉത്തരകാശിയിലെ ബ്രഹ്മഖല്‍-യമുനോത്രി ഹൈവേയിലെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ 41 തൊഴിലാളികളാണ് കുടുങ്ങിയത്. ഉത്തരാഖണ്ഡിലെ തീര്‍ഥാടക കേന്ദ്രങ്ങളായ ബദരിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്നതും ഏത് കാലാവസ്ഥയിലും യാത്രക്ക് സഹായകമാകുമെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ചതുമായ ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമാണ് നാലര കി.മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തുരങ്കം. എല്ലാ ഭാഗവും മണ്ണിനാല്‍ മൂടിയ തുരങ്കത്തില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തുക അതീവ ശ്രമകരമായിരുന്നെങ്കിലും പതിനേഴ് ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം മുഴുവന്‍ പേരെയും ജീവനോടെ പുറത്തെത്തിക്കാന്‍ സാധിച്ചു. തുടക്കത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമായി. നൂറുകണക്കിനു തൊഴിലാളികളും സാങ്കേതിക വിദഗ്ധരും രാപകലില്ലാതെ കൊടുംതണുപ്പിനെ അവഗണിച്ച് നീണ്ട 408 മണിക്കൂര്‍ നടത്തിയ കഠിനാധ്വാനമാണ് അന്നവിടെ വിജയം കണ്ടത്. തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങി ഏറെ താമസിയാതെ അവര്‍ക്ക് പൈപ്പ് വഴി ഓക്സിജനും ഭക്ഷണവും എത്തിക്കാനായതു കൊണ്ടാണ് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായത്. ജനീവയിലെ ഇന്റര്‍നാഷനല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസ്സോസിയേഷന്റെ തലവന്‍ അര്‍ണോള്‍ഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്.
2019ന്റെ അവസാനത്തില്‍ ഇതേ തുരങ്കത്തിന്റെ മറ്റൊരു ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമുണ്ടായില്ല. രണ്ട് വര്‍ഷം മുമ്പ് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ തുരങ്ക ദുരന്തമുണ്ടായി. 13 തൊഴിലാളികള്‍ അകപ്പെട്ടതില്‍ പത്ത് പേര്‍ക്കും ജീവന്‍ നഷ്ടമായി. ഇതേ വര്‍ഷം മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു. ഉള്ളില്‍ അകപ്പെട്ട ഒമ്പത് തൊഴിലാളികളില്‍ ഏഴ് പേരെയും രക്ഷപ്പെടുത്താനായി. ഉത്തരാഖണ്ഡില്‍ 2023 ജനുവരിയില്‍ നിര്‍മാണത്തിനിടെയുണ്ടായ വിഷ്ണുഘട്ട് തുരങ്ക അപകടത്തില്‍ നൂറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തപോവന്‍ വിഷ്ണുഘട്ട് ഹൈഡ്രോ പ്രൊജക്ടിന്റെ ഭാഗമായുള്ള തുരങ്കത്തിലായിരുന്നു അപകടം. പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ തൊഴിലാളികള്‍ അകപ്പെട്ടുപോകുകയായിരുന്നു. ഒരു മാസം നീണ്ട രക്ഷാപ്രവര്‍ത്തനം നടന്നെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2019ല്‍ കൊല്‍ക്കത്തയില്‍ മെട്രോ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു വീണിരുന്നു. പക്ഷേ ആളപായമുണ്ടായില്ല.
ഇത്തരം തുരങ്ക ദുരന്തങ്ങള്‍ കേരള സര്‍ക്കാറിന്റെ പരിഗണനയിലുള്ള വയനാട് തുരങ്കം റോഡിന്റെ (ആനക്കാംപൊയില്‍-മേപ്പാടി തുരങ്ക പാത) കാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. കഴിഞ്ഞ സെപ്തംബറില്‍ കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുകയും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമായതു കൊണ്ട് എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ തുരങ്കപാതാ നിര്‍മാണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്ന് സര്‍ക്കാറിനോടാവശ്യപ്പെടുകയുമുണ്ടായി. തുരങ്ക പദ്ധതിക്ക് കോടതി എതിരല്ല. എന്നാല്‍ സമാനമായ സ്ഥലങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ എല്ലാ സാഹചര്യവും പരിഗണിക്കാതെ പദ്ധതി പ്രവര്‍ത്തനം തുടങ്ങരുതെന്ന് കോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരുള്‍ക്കൊള്ളുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വയനാട് തുരങ്കപാതയെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്നും സമഗ്രപഠനം കൂടാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നത് ജനങ്ങളില്‍ ആശങ്കക്കിടയാക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിട്ടുണ്ട്.
മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശങ്ങളുള്ള രാജ്യങ്ങളില്‍ തുരങ്കപാതകള്‍ അനിവാര്യമായി വരും. എന്നാല്‍ വലിയ അപകട സാധ്യത കൂടി തുറന്നിടുന്നുണ്ട് ഇത്തരം നിര്‍മാണങ്ങള്‍. പ്രത്യേകിച്ചും മണ്ണിന് വലിയ ഉറപ്പില്ലാത്ത ലോലപ്രദേശങ്ങളില്‍. തുരങ്ക നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് സൂക്ഷ്മമായ ആസൂത്രണവും സമഗ്രമായ ഭൂമിശാസ്ത്ര സര്‍വേകളും അത്യാവശ്യമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തുരങ്ക ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്. സമഗ്രമായ പഠനത്തിലൂടെ മാത്രമേ ചുറ്റുമുള്ള മണ്ണിന്റെയും പാറയുടെയും ഉറപ്പും സ്ഥിരതയും വിലയിരുത്താനും ഭൂമിശാസ്ത്രപരമായ അപകടങ്ങള്‍ക്കുള്ള സാധ്യത അറിയാനും ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ നിര്‍മാണ രീതി കണ്ടെത്താനും സാധിക്കുകയുള്ളൂ.