From the print
പാഡ്ല്‍ ടെന്നിസിന് കേരളത്തിലും ടര്‍ഫ് കോര്‍ട്ട്
പാഡ്ല്‍ ടെന്നിസിന്റെ കേരളത്തിലെ ആദ്യ ടര്‍ഫ് ആയ പാഡ്ല്‍ ഹൈ, കടവന്ത്ര ചിലവന്നൂര്‍ ബണ്ട് റോഡില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.
കൊച്ചി | അതിവേഗം പ്രചാരം ലഭിക്കുന്ന രാജ്യാന്തര കായിക ഇനമായ പാഡ്ല്‍ ടെന്നിസിന് കേരളത്തിലും ടര്‍ഫ് കോര്‍ട്ട് ഒരുങ്ങി. പാഡ്ല്‍ ടെന്നിസിന്റെ കേരളത്തിലെ ആദ്യ ടര്‍ഫ് ആയ പാഡ്ല്‍ ഹൈ, കടവന്ത്ര ചിലവന്നൂര്‍ ബണ്ട് റോഡില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. പാഡ്ല്‍ ഇന്ത്യ സ്ഥാപകനും സി ഇ ഒയുമായ അലന്‍ ഹീലി, പ്രമോട്ടര്‍മാരായ അഫ്ദല്‍ അബ്ദുല്‍ വഹാബ്, ദിര്‍ഷ കെ മുഹമ്മദ് പങ്കെടുത്തു.
ലോകോത്തര സംവിധാനങ്ങളോടുകൂടിയ കോര്‍ട്ടാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അഫ്ദല്‍ അബ്ദുല്‍ വഹാബ് പറഞ്ഞു. ടെന്നിസിന്റെയും സ്‌ക്വാഷിന്റെയും ചടുലവേഗങ്ങള്‍ സംഗമിക്കുന്ന കായിക ഇനമായ പാഡ്ല്‍ ടെന്നിസ് ലോകത്ത് അതിവേഗം പ്രചാരം ലഭിക്കുന്ന കായിക ഇനങ്ങളിലൊന്നാണെന്ന് അലന്‍ ഹീലി പറഞ്ഞു. ആക്്ഷനും ആവേശവും ഒരുമിക്കുന്ന ഈ കായിക ഇനം ഏതുപ്രായക്കാര്‍ക്കും ആസ്വദിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാഡ്ല്‍ ടെന്നിസ് കളിക്കാരെ ആഗോള റാങ്കിംഗില്‍ കൊണ്ടുവരാനുള്ള സുവര്‍ണാവസരമാണിത്, പ്രത്യേകിച്ച് ഇന്ത്യ 2036 ഒളിമ്പിക്‌സ് വേദിക്കായി ശ്രമിക്കുമ്പോള്‍. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 100 കോര്‍ട്ടുകള്‍ പാഡ്ല്‍ ടെന്നിസിനായി നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകെ 150ലേറെ കോര്‍ട്ടുകളാണുള്ളത്. ഇതിന്റെ മൂന്നിലൊന്നും മുംബൈയിലാണ്. 120 രാജ്യങ്ങളില്‍ പാഡ്ല്‍ ടെന്നിസ് കളിക്കുന്നുണ്ട്. 60 രാജ്യങ്ങളില്‍ ദേശീയ ഫെഡറേഷനുകളും പ്രവര്‍ത്തിക്കുന്നു. സ്‌പെയിനും അര്‍ജന്റീനയുമാണ് ഈ കായിക ഇനത്തിലെ കരുത്തര്‍. ഒളിമ്പിക്‌സ് ഇനമായി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്റര്‍നാഷനല്‍ പാഡ്ല്‍ ഫെഡറേഷനെന്നും അലന്‍ വ്യക്തമാക്കി. ഗ്ലാസ്സും ലോഹവും കൊണ്ട് നിര്‍മിച്ച ചുമരതിര്‍ത്തിക്കുള്ളില്‍ അടച്ചുകെട്ടിയ കോര്‍ട്ടിലാണ് പാഡ്ല്‍ ടെന്നിസ് അരങ്ങേറുക.