International
തുര്‍ക്കിയും സിറിയയും ലോകത്തിന്റെ കണ്ണീര്‍
പതിനായിരക്കണക്കിനു പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണു ലഭിക്കുന്ന വിവരം
ഭൂകമ്പം കശക്കിയെറിഞ്ഞ തുര്‍ക്കിയും അയല്‍രാജ്യമായ സിറിയയും ലോകത്തിന്റെ കണ്ണീരായിമാറുന്നു. രാഷ്ട്രീയ അസ്വാരസ്യങ്ങളുടെ പേരില്‍ കലുഷിതമായിരുന്ന മണ്ണ് ഇന്ന്് കാരുണ്യത്തിനായി കൈനീട്ടുകയാണ്.
പതിനായിരക്കണക്കിനു പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണു ലഭിക്കുന്ന വിവരം.
എണ്ണായിരത്തോളം പേര്‍ ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കൂറ്റന്‍ പാര്‍പ്പിട സമുച്ചയങ്ങളും മാളുകളും നിലംപൊത്തി ദുരന്തത്തില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവരുന്നത്.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്നുവീണ പെണ്‍കുഞ്ഞിനെയുമെടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ്. ഈ കുഞ്ഞിനു ജന്മം നല്കിയ മാതാവിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല. തെക്കന്‍ തുര്‍ക്കിയില്‍ തകര്‍ന്നടിഞ്ഞ ബഹുനില കെട്ടടത്തില്‍ മരിച്ച 15 കാരിയായ മകളുടെ കൈയ്യില്‍ പിടിച്ച് ്അവിടെനിന്നു മാറാതിരിക്കുന്ന പിതാവിന്റെ ദൃശ്യവും തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചയിലൊന്നായി ലോകം കണ്ടു. ആയിരത്തിലേറെ കുട്ടികള്‍ ദുരന്തത്തില്‍ മരിച്ചിട്ടുണ്ടാവുമെന്നാണു കണക്കാക്കുന്നത്.
തുര്‍ക്കിയില്‍ മാത്രം 5894 പേര്‍ മരിച്ചു. 34,810- ഓളം പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാ ണു റിപ്പോര്‍ട്ട്. സിറിയയില്‍ രണ്ടായിരത്തോളം പേരാണു മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്ന് നാല് വിമാനങ്ങള്‍ തുര്‍ക്കിയില്‍ ത്തൈി. രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റുകളടക്കമുള്ളവയാണ് ഇന്ത്യയില്‍ നിന്ന് അയച്ചത്.
ഒട്ടേറെ രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളും രക്ഷാ-ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഭൂകമ്പബാധിത മേഖലകളില്‍ അവയെത്തിക്കാന്‍ കഴിയുന്നില്ല. പ്രധാന റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുകയാണ്. കനത്ത മഞ്ഞുകാറ്റും വീശുന്നുണ്ട്.
മൂന്ന് പ്രധാന വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. വടക്കന്‍ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരും വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്തരയുദ്ധം അടിയന്തര സഹായമെത്തിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ സിറിയന്‍ പ്രതിനിധി ബാസം സബാഗ് പറഞ്ഞു.
തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായ 10 പ്രവിശ്യകളിലും പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂചലനത്തില്‍ ജയില്‍ഭിത്തികള്‍ വിണ്ടുകീറിയതിനു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍പ്പെട്ട 20 തടവുകാര്‍ ജയില്‍ ചാടി. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപം റജോയിലുള്ള ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന സൈനിക ജയിലില്‍ കലാപമുണ്ടാക്കിയാണ് ഭീകരകുറ്റവാളികള്‍ രക്ഷപ്പെട്ടത്.
ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതില്‍ 1300 പേരും ഐ എസ് ബന്ധമുള്ളവരാണ്. കുര്‍ദ് സേനകളില്‍നിന്നുള്ളവരും ഇവിടെയുണ്ട്.
അതിശക്തമായ രണ്ട് ഭൂചലനങ്ങളാണ് ജയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഉണ്ടായതെന്നാണ് വിവരം. ആദ്യ ഭൂകമ്പത്തില്‍ത്തന്നെ ജയിലിന്റെ ഭിത്തികള്‍ക്കും വാതിലുകള്‍ക്കും വിള്ളലുണ്ടായി. ഇതാണ് തടവുകാര്‍ക്ക് പുറത്തു ചാടാനും കലാപമുണ്ടാക്കാനും അവസരമായത്.
സിറിയയിലെ വിമത നിയന്ത്രിത മേഖലകളില്‍ മാത്രം 790 പേര്‍ മരിച്ചതായി റിപ്പോര്‍ട്ുണ്ട്.
ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ ആറിന് ഇസ്തംബുളില്‍ നിന്ന് 13,000 പേര്‍ അടങ്ങിയ രക്ഷാപ്രവര്‍ത്തക സംഘം ദുരിത മേഖലകളിലേക്ക് പോയി. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 5,775 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം, 11,342 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് അനൗദ്യോഗിക വിവരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുര്‍ക്കിയില്‍ 7,800 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മരണനിരക്കു വരും ദിവസങ്ങളില്‍ 20,000 പിന്നിടാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയര്‍ എമര്‍ജന്‍സി ഓഫിസര്‍ കാതറീന്‍ സ്മാള്‍വുഡ് പ്രതികരിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണു രക്ഷാപ്രവര്‍ത്തകര്‍. ഇടയ്ക്കിടെ എത്തുന്ന തുടര്‍ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ദുരിതാശ്വാസപ്രവര്ത്തനങ്ങള്ക് കായി ലോക രാജ്യങ്ങളില്‍ നിന്നുളള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയില്‍ എത്തിത്തുടങ്ങി. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. അതിശൈത്യവും മഴയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാന്‍തെപില്‍ തിങ്കളാഴ്ച രാത്രി താപനില മൈനസ് 5 ഡിഗ്രിവരെയായിരുന്നു.
ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിനു പേര്‍ അഭയാര്‍ഥികളായി പലായനം ചെയ്ത മേഖലയിലാണ് ഇരട്ടപ്രഹരമെന്നോണം ഭൂകമ്പദുരന്തം ഉണ്ടായത്.
---- facebook comment plugin here -----