Connect with us

International

തുർക്കി ഭൂചലനം: 110 മണിക്കൂറുകൾക്ക് ശേഷം ഒരാളെ രക്ഷപ്പെടുത്തി; മരണ സംഖ്യ 22,000 കടന്നു

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇപ്പോഴും ആളുകളുടെ ശബ്ദം കേൾക്കുന്നതായി രക്ഷാപ്രവർത്തകർ

Published

|

Last Updated

അങ്കാറ | തുർക്കിയിലും സിറിയയിലും 20,000ൽ അധികം ആളുകളുടെ ജീവനെടുത്ത ഭൂചലനം സംഭവിച്ച് 110 മണിക്കൂറുകൾക്ക് ശേഷം രക്ഷാപ്രവർത്തകർ ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. കഹ്രാമൻമാരാസിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഒരാളെ രക്ഷപ്പെടുത്താനായത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇപ്പോഴും ആളുകളുടെ ശബ്ദം കേൾക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു.

ഹൃദയഭേദകമാണ് ദുരന്തഭൂമിയിൽ നിന്നുള്ള കാഴ്ചകൾ. മഹാദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരുടെ വിങ്ങൽ ലോകത്തിന്റെ കണ്ണീരായി മാറുകയാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ ഇതുവരെ 22,000 പേർ മരിച്ചതായാണ് കണക്കുകൾ. തുർക്കിയിലാണ് ഭൂചലനം മഹാനാശം വിതച്ചത്. തുർക്കിയിൽ 19,388 പേർ മരിച്ചതായും 77,711 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

തുർക്കിക്ക് ലോകത്തിന്റെ പല കോണുകളിൽ നിന്നും പലവിധത്തിലുള്ള സഹായങ്ങൾ ഒഴുകുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ പ്രീമിയർ ലീഗ് ഒരു മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു.

അതിനിടെ, സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു.

Latest