Connect with us

International

തുര്‍ക്കി ഭൂചലനം; സ്ത്രീയെയും മൂന്ന് മക്കളെയും യു എ ഇ സംഘം രക്ഷപ്പെടുത്തി

ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ്/2 പ്രകാരം, മാതാവിനെയും മകനെയും രണ്ട് പെണ്‍മക്കളെയും അവരുടെ വീടിന്റെ അവശേഷിപ്പുകളില്‍ നിന്ന് സംഘം രക്ഷപ്പെടുത്തുകയായിരുന്നു.

Published

|

Last Updated

ദുബൈ | തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഒരു സ്ത്രീയെയും മൂന്ന് മക്കളെയും യു എ ഇ ദൗത്യസംഘം രക്ഷപ്പെടുത്തി. ഇവരെ സാഹസികമായി പുറത്തെത്തിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഇമറാത്തി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ദിവസങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നു.

ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ്/2 പ്രകാരം, മാതാവിനെയും മകനെയും രണ്ട് പെണ്‍മക്കളെയും അവരുടെ വീടിന്റെ അവശേഷിപ്പുകളില്‍ നിന്ന് സംഘം രക്ഷപ്പെടുത്തുകയായിരുന്നു. കഹ്‌റാമന്‍മാരാസ് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ചതെന്ന് സംഘത്തലവന്‍ പറഞ്ഞു.

രണ്ടര ദിവസം ഇവര്‍ തകര്‍ന്ന കെട്ടിടത്തിനകത്തായിരുന്നു. തുര്‍ക്കിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് പരുക്കേറ്റ കുടുംബത്തെ സഹായിക്കാന്‍ യു എ ഇ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇമറാത്തി ദൗത്യ സംഘത്തിനൊപ്പമുണ്ടായിരുന്ന യു എ ഇ വാര്‍ത്താ ഏജന്‍സി ‘വാം’ അനുസരിച്ച്, രക്ഷപ്പെടുത്തിയ കുടുംബത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വീട് തകര്‍ന്ന സ്ഥലത്തുണ്ടായിരുന്നു.

11,200-ലധികം ആളുകള്‍ മരിച്ച ദുരന്തത്തിനിടെ ഈയൊരു രക്ഷാപ്രവര്‍ത്തനം സന്തോഷത്തിന്റെ അപൂര്‍വ നിമിഷം കൊണ്ടുവന്നു. തുര്‍ക്കിയിലെ ദുരന്ത, അടിയന്തര അതോറിറ്റിയായ അഫാദില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം തുര്‍ക്കി ഗാസിയാന്‍ടെപ്പിലെ ഭൂകമ്പത്തില്‍ ഏകദേശം 9,000 പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസിയാന്‍ടെപ് നഗരത്തില്‍ മാത്രം 900-ലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുര്‍ക്കിയിലും സിറിയയിലും ആകെ മരണസംഖ്യ 11,500 കവിഞ്ഞു.

തുര്‍ക്കി, സിറിയ രാജ്യങ്ങളിലേക്ക് സഹായം എത്തിക്കാന്‍ സഹകരിക്കണമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി അഭ്യര്‍ഥിച്ചു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ഏകോപനമുണ്ടാകും. അടിയന്തര മാനുഷിക സാമഗ്രികള്‍ ഇരു രാജ്യങ്ങള്‍ക്കും എത്തിക്കേണ്ടതുണ്ട്.

ഫെബ്രുവരി 11 ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്ററിലും (അഡ്നെക്) ദുബൈ എക്സിബിഷന്‍ സെന്ററിലും പാക്കേജിങ് നടക്കും. ഫെബ്രുവരി 12 മുതല്‍ റെഡ് ക്രസന്റും യു എ ഇ മാനുഷിക, ജീവകാരുണ്യ സംഘടനകളും രണ്ടാഴ്ചക്കുള്ളില്‍ പണവും വസ്തുക്കളും നേരിട്ട് ശേഖരിക്കും. യു എ ഇയിലെ ജീവകാരുണ്യ, മാനുഷിക സംഘടനകളുമായി സഹകരിച്ച് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

‘ദുരിതബാധിതരായ സിറിയന്‍, തുര്‍ക്കി കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സ്വമേധയാ ഉള്ള ശ്രമം ഉണ്ടാകണമെന്ന് യു എ ഇ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. ‘സംഭാവന നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് volunteers.ae.ല്‍ രജിസ്റ്റര്‍ ചെയ്യാം.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest