Kerala
തുർക്കി, സിറിയ ഭൂകമ്പം; ആശ്വാസത്തിന് കേരളത്തിൻ്റെ പത്ത് കോടി
ഭൂകമ്പത്തിൽ മരിച്ചവർക്ക് നിയമസഭയുടെ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു
തിരുവനന്തപുരം | തുർക്കി, സിറിയ മേഖലയിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം പത്ത് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ബജറ്റ് ചർച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മരുന്നും മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാറിൻ്റെ തീരുമാനം അനുസിരിച്ചാകും തുക കൈമാറുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
ഭൂകമ്പത്തിൽ മരിച്ചവർക്ക് നിയമസഭയുടെ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതി ദുരന്തമാണ് തുർക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമി കുലുക്കത്തെ തുടർന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വൻതോതിലുള്ള നാശനഷ്ടങ്ങളുമുണ്ടായി.
നമ്മുടെ രാജ്യത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യൻ നേരിടുന്ന ഇത്തരം ദുരന്തങ്ങൾ അഗാധമായ ദുഃഖമുണ്ടാക്കുന്നു. ഈ അവസരത്തിൽ സ്തബ്ധരാകാതെ നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് എക്കാലത്തും നമ്മൾ സ്വീകരിച്ചിട്ടുള്ള രീതി. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് സഭ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.