Connect with us

turkey- syria earth quake

തുര്‍ക്കി- സിറിയ ഭൂചലനം: മരണം നാലായിരം കവിഞ്ഞു, പ്രതികൂല കാലാവസ്ഥ വെല്ലുവിളി

തുര്‍ക്കിയില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

Published

|

Last Updated

ഇസ്താന്‍ബൂള്‍/ അലെപ്പോ | തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണം നാലായിരം കവിഞ്ഞു. മൊത്തം 4,365 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മരണസംഖ്യ 2,921 ആയി ഉയര്‍ന്നിട്ടുണ്ട്. 15,834 പേര്‍ക്ക് പരുക്കേറ്റു. സിറിയയില്‍ 1,444 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതിനിടെ, തുര്‍ക്കിയില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലാണ് പ്രതികൂല കാലാവസ്ഥയുള്ളത്. പല ദുരന്തമേഖലകളിലും വൈദ്യുതിയില്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നുണ്ട്. മരണസംഖ്യ എട്ടിരട്ടിയാകുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.17ന് ഉണ്ടായ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ പ്രദേശത്ത് ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത അനുഭവപ്പെട്ട ആദ്യ ഭൂചലനത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞപ്പോൾ 6.7 തീവ്രതയില്‍ വീണ്ടും ചലനമുണ്ടായി.  രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ തുടർഭൂചലനം കൂടി ഉണ്ടായത് ആശങ്കപ്പെടുത്തി. 24 മണിക്കൂറിനിടെ മൂന്ന് തവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ പ്രദേശത്തേക്ക് പുറപ്പെടുന്ന രക്ഷാപ്രവർത്തകർ പോലും ആശങ്കയിലായിരിക്കുകയാണ്.

ജനങ്ങൾ ഉറങ്ങുന്ന സമയത്താണ് ആദ്യ ഭൂചലനം ഉണ്ടായത്. ജനവാസ ഇടങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്ന് കിടക്കുകയാണ്. ഇവക്കുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. ആഭ്യന്തര കലാപത്തെ തുടർന്ന് തകർന്നു കിടക്കുന്ന സിറിയയെ ഭൂകമ്പം ഭീകരമായാണ് ബാധിച്ചത്. നൂറുക്കണക്കിന് ആളുകൾ  മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അയൽ രാജ്യങ്ങളായ ലെബനാൻ, ഇസ്റാഈൽ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിൻ്റെ കമ്പനം അനുഭവപ്പെട്ടു. ലെബനാനിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.

ദുരന്ത ബാധിത രാജ്യങ്ങൾക്ക് സഹായവുമായി വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി. 11 വർഷമായി തുടരുന്ന ആഭ്യന്തര കലാപത്തെ തുടർന്ന് സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുന്ന സിറിയ സഹായത്തിനായി യാചിക്കുകയാണ്. ബ്രിട്ടൻ, അമേരിക്ക, ചൈന ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ മേഖലയിലേക്ക് എത്തുന്നുണ്ട്. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ എത്രയും പെട്ടന്ന് കണ്ടെത്താനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുമാണ് രക്ഷാപ്രവർത്തകരുടെ ശ്രമം.

---- facebook comment plugin here -----

Latest