International
തുര്‍ക്കി-സിറിയ ഭൂചലനം: മരണ സംഖ്യ 24,000 കടന്നു
ഇരു രാജ്യങ്ങളിലുമായി പരിക്കേറ്റവരുടെ എണ്ണം 80,768ന് അടുത്താണെന്നാണ് ഔദ്യോഗിക കണക്ക്.
അങ്കാറ| തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 24,000 കടന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. 7.5 തീവ്രതയുള്ള തുടര്‍ചലനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലുമായി പരിക്കേറ്റവരുടെ എണ്ണം 80,768ന് അടുത്താണെന്നാണ് ഔദ്യോഗിക കണക്ക്.വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായമെത്തിയിട്ടുണ്ട്.
തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
യുഎന്നിന്റെ രണ്ടാം ഘട്ട സഹായവുമായി പോകുന്ന ട്രക്കുകള്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാബ് അല്‍ ഹവ ക്രോസിംഗ് പിന്നിട്ടാണ് സഹായം എത്തിച്ചത്. ടെന്റുകളും പുതപ്പുകളും ഭക്ഷണസാധനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യ സഹായം വ്യാഴാഴ്ചയാണ് എത്തിച്ചത്. കൂടുതല്‍ അടിയന്തര സഹായം സിറിയയിലേക്ക് ലോകരാഷ്ട്രങ്ങള്‍ എത്തിക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടിട്ടുണ്ട്.