International
തുര്‍ക്കി - സിറിയ ഭൂകമ്പം: മരണസംഖ്യ 37,000 കടന്നു
കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി.
ഇസ്താന്‍ബുള്‍/ അലെപ്പോ| ശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 37000 കടന്നു. തുര്‍ക്കിയിലെ 31,643 പേരും സിറിയയിലെ 5,714 പേരുമാണ് മരണപ്പെട്ടത്. ദുരന്തം നടന്നിട്ട് ഇന്നേക്ക് എട്ട് ദിവസം കഴിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണ്.
കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തല്‍. ചില സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഇനിയും ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിനായി അതിര്‍ത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുര്‍ക്കിയോട് ചേര്‍ന്നുള്ള രണ്ട് അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി യു എന്‍ ജനറല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അതിര്‍ത്തി തുറക്കാന്‍ തീരുമാനമായത്.