Connect with us

International

തുർക്കി, സിറിയ ഭൂചലനം; മരണം 11,000 കടന്നു

ആയിരങ്ങൾ ഇനിയും മണ്ണിനടിയിൽ. യാതൊരു സഹായവും ഇതുവരെയും ലഭ്യമായില്ലെന്ന് സിറിയയിലെ രക്ഷാപ്രവർത്തകർ

Published

|

Last Updated

ഇസ്താംബൂൾ | തെക്കു കിഴക്കൻ തുർക്കിയിലും സിറിയയുടെ വടക്കൻ മേഖലയിലുമുണ്ടായ ഭൂചലനങ്ങളെ തുടർന്ന് ആയിരങ്ങൾ മണ്ണിനടിയിൽ. മരണം 11,000 കടന്നു. തുർക്കിയിൽ മാത്രം 8,574 പേരാണ് മരിച്ചത്. 2,530 മരണമാണ് സിറിയയിൽ സ്ഥിരീകരിച്ചത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. രക്ഷപ്പെട്ടെത്തിയ ആയിരങ്ങൾക്ക് ഭക്ഷണം, വെള്ളം, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരങ്ങളാണ് ഭവനരഹിതരായത്.

ഒമ്പതിനായിരത്തോളം വരുന്ന സൈനികർക്ക് പുറമേ പന്ത്രണ്ടായിരത്തിലധികം വരുന്ന രക്ഷാപ്രവർത്തകരാണ് രംഗത്തുള്ളത്. വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളിൽ അവയെത്തിക്കാൻ കഴിയാത്തവിധം കാലാവസ്ഥ പ്രതികൂലമാണ്.

എന്നാൽ, തങ്ങൾക്ക് യാതൊരു സഹായവും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് സിറിയയിലെ രക്ഷാപ്രവർത്തന രംഗത്ത് സജീവമായ സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമറ്റ്‌സ് അധികൃതർ അറിയിച്ചു. ഈജിപ്തിൽ നിന്നുള്ള ഇരുപതംഗ സംഘം മാത്രമാണ് സഹായത്തിനുള്ളതെന്നാണ് ഇവർ പറയുന്നത്. യൂറോപ്യൻ യൂനിയൻ്റെ സഹായം സിറിയ തേടിയിട്ടുണ്ട്. സിറിയയിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

250 ഓളം സ്‌കൂളുകളാണ് സിറിയയിൽ തകർന്നത്. ഹലബ്, ഇദ്‌ലിബ്, ത്വർത്വൂസ്, ലദ്ഖായ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സാരമായി നാശനഷ്ടമുണ്ടാക്കിയ തുർക്കിയിലെ കഹർമൻമറാശിൽ പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സന്ദർശനം നടത്തി.

Latest