Kerala assembly
സഭയിലെ പ്രക്ഷുബ്ധാവസ്ഥ: സ്പീക്കറുടെ സർവകക്ഷിയോഗം അല്പ സമയത്തിനകം
നിയമസഭയിൽ ഇന്നലെ അസാധാരണ പ്രതിഷേധം അരങ്ങേറിയിരുന്നു.
തിരുവനന്തപുരം | സഭാ നടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം അല്പ സമയത്തിനകം. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ നിയമസഭയിൽ ഇന്നലെ അസാധാരണ പ്രതിഷേധം അരങ്ങേറിയിരുന്നു. ബ്രഹ്മപുരം പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചി നഗരസഭാ കൗൺസിൽ യോഗത്തിൽ നടന്ന സംഘർഷം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് സഭാ നടപടികളുമായി മുന്നോട്ടുപോയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രകടനമായി നീങ്ങി സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചിരുന്ന. ഓഫീസിന് മുന്നിൽ കുത്തിയിരുന്ന അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതോടെയുണ്ടായ വാഗ്വാദം കൈയാങ്കളിയിൽ കലാശിച്ചു. ചില ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞതോടെ നിയമസഭയുടെ ഇടനാഴി സംഘർഷഭരിതമായി.
കൈയാങ്കളിക്കിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സനീഷ് കുമാർ ജോസഫ്, എ കെ എം അഷ്‌റഫ്, കെ കെ രമ, ടി വി ഇബ്‌റാഹീം എന്നിവർക്ക് പരുക്കേറ്റു. ബോധരഹിതനായി വീണ സനീഷ് കുമാറും കൈക്ക് പരുക്കേറ്റ കെ കെ രമയും അഡീഷനൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ ഉൾപ്പെടെയുള്ള വാച്ച് ആൻഡ് വാർഡ് അംഗങ്ങളും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എം എൽ എമാർ വാച്ച് ആൻഡ് വാർഡിനെതിരെ സ്പീക്കർക്ക് പരാതിയും നൽകിയിട്ടുണ്ട്.