Editorial
ടി വി സീരിയലുകള്‍ക്ക് സെന്‍സറിംഗ് വേണം
സീരിയലുകളുടെ പ്രമേയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഉപദേശിച്ചതു കൊണ്ടോ നിര്‍ദേശിച്ചതു കൊണ്ടോ ആയില്ല. സെന്‍സറിംഗ് ഏര്‍പ്പെടുത്തി യുവതലമുറയെ വഴിതെറ്റിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സീരിയലുകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് അധികൃതരുടെ മുമ്പിലുള്ള മാര്‍ഗം.
ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചു ഉന്നയിച്ചിരിക്കുന്നു സംസ്ഥാന വനിതാ കമ്മീഷന്‍. സീരിയലുകളെക്കുറിച്ച് അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളേറെയുണ്ട്. സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. മാത്രമല്ല, ഇവ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടു.
സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്ന് 2017-18ല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സീരിയലുകളെക്കുറിച്ച് നടത്തിയ വിശദമായ പഠനാനന്തരം സമിതി തയ്യാറാക്കിയ റിപോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക സെന്‍സര്‍ ബോര്‍ഡ് രൂപവത്കരിക്കുകയോ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ അധികാരപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. മെഗാപരമ്പരകള്‍ നിരോധിച്ച് എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെ ആയി കുറക്കുക, ഒരു ചാനലില്‍ ദിവസത്തില്‍ രണ്ട് സീരിയലുകളില്‍ കൂടുതല്‍ പ്രക്ഷേപണം അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു പഠന സമിതി. നേരത്തേ ഐഷാ പോറ്റി അധ്യക്ഷയായ നിയമസഭാ സമിതിയും ആവശ്യപ്പെട്ടിരുന്നു സീരിയലുകള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തണമെന്ന്. പലപ്പോഴും തെറ്റായ സന്ദേശങ്ങളാണ് സീരിയലുകള്‍ സമൂഹത്തിന് നല്‍കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി. അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായി കണ്ടെത്തിയ നിയമസഭാ സമിതി, കുടുംബ ബന്ധങ്ങളെ മോശമായ നിലയില്‍ ചിത്രീകരിക്കാത്ത സീരിയലുകള്‍ക്ക് മാത്രമേ പ്രക്ഷേപണാനുമതി നല്‍കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതടിസ്ഥാനത്തില്‍ സീരിയലുകളുടെ പരിശോധനക്ക് സിനിമാ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍, സീരിയല്‍ സെന്‍സര്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതുകയുമുണ്ടായി.
സംസ്ഥാനത്തെ ഭൂരിപക്ഷം കുടുംബങ്ങളും പതിവായി കാണുന്നുണ്ട് ടി വി സീരിയലുകള്‍. വീട്ടമ്മമാര്‍ പതിവു ജോലികളൊക്കെ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി സന്ധ്യയായല്‍ ടി വിക്കു മുന്നില്‍ ചടഞ്ഞിരിക്കും. കുട്ടികളും വൃദ്ധ കുടുംബാംഗങ്ങളുമെല്ലാം സീരിയല്‍ കാണികളാണ്. അവരുടെയെല്ലാം ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് ഈ കഥാപരമ്പരകള്‍. എന്നാല്‍ എന്താണ് സീരിയലുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍? സമൂഹത്തിന് അവ ഗുണകരമാണോ, ദോഷകരമാണോ എന്നൊന്നും ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കാറില്ല. സിനിമയിലെ ഉള്ളടക്കം നൂലിഴകീറി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡുണ്ട്. സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതിനു മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയിരിക്കണമെന്നാണ് ചട്ടം. സീരിയലുകള്‍ക്ക് പക്ഷേ ഇത്തരമൊരു ചട്ടമില്ല.
കുടുംബ ബന്ധങ്ങളില്‍ ശൈഥില്യം സൃഷ്ടിക്കുകയും മൂല്യങ്ങളെ നിരാകരിക്കാന്‍ പ്രചോദനം നല്‍കുകയും മനുഷ്യ ഹൃദയങ്ങളെ മലിനമാക്കുകയും ചെയ്യുന്നവയാണ് മിക്ക സീരിയല്‍ കഥകളും. ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, മാതാവിനെ തല്ലുകയും മര്‍ദിക്കുകയും ചെയ്യുന്ന മക്കള്‍, അമ്മായിയമ്മയെ അസഭ്യം പറയുന്ന മരുമകള്‍, മരുമകളെ കുഴിയില്‍ വീഴ്ത്താന്‍ അവസരം പാര്‍ത്തിരിക്കുന്ന അമ്മായിയമ്മ എന്നിങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ ചെയ്തികളും സ്വഭാവ വിശേഷങ്ങളും. സീരിയല്‍ പരമ്പരകള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി 2017-18ല്‍ വനിതാ കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 47 ശതമാനവും ചൂണ്ടിക്കാട്ടിയിരുന്നു.
നാടിനെ നടുക്കുകയും അന്വേഷണോദ്യോഗസ്ഥരെ വട്ടംകറക്കുകയും ചെയ്ത സംഭവമാണ് കണ്ണൂര്‍ പിണറായി പടന്നക്കര മണ്ണുത്താന്‍ വീട്ടിലെ നാല് പേരുടെ ദുരൂഹ മരണം. ഗൃഹനാഥ സൗമ്യ ഭക്ഷണത്തിലൂടെ നല്‍കിയ മാരക വിഷമാണ് ഇവരുടെ മരണത്തിനു കാരണമെന്ന് പിന്നീട് തെളിഞ്ഞു. ഒരു ടെലിവിഷന്‍ സീരിയലില്‍ നിന്നാണ് ഈ കൊലപാതക മാര്‍ഗം പഠിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ആദ്യകാല സിനിമകളിലും നാടകങ്ങളിലുമെല്ലാം പുരുഷന്മാരായിരുന്നു വില്ലന്മാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകമായിരുന്നു അന്നൊക്കെ സ്ത്രീകള്‍. അതേസമയം പല സീരിയല്‍ കഥകളിലും സ്ത്രീകള്‍ ക്രൂരതയുടെ പര്യായങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. സീരിയലുകളിലെ കേന്ദ്ര കഥാപാത്രമായി വരുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണെന്നും യാഥാര്‍ഥ്യ ബോധമുള്ള കഥകള്‍ കുറവാണെന്നും സീരിയലുകളെക്കുറിച്ച് പഠനം നടത്തിയ വനിതാ കമ്മീഷന്‍ സമിതി റിപോര്‍ട്ടില്‍ പരാമര്‍ശിച്ചതിന്റെ പശ്ചാത്തലമിതാണ്. പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ ടെലിവിഷന്‍ അവാര്‍ഡ് ജൂറിയും പലപ്പോഴും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന കഥകളില്ലാത്തതോ കലാമൂല്യമുള്ള സീരിയല്‍ നിര്‍മിക്കാന്‍ അറിയാത്ത നിര്‍മാതാക്കളോ സംവിധായകരോ ഇല്ലാത്തതല്ല; പ്രശ്നം സാമ്പത്തികമാണ്. ചാനലുകള്‍ക്ക് വാണിജ്യ മൂല്യമാണ് പ്രധാനം. ടി ആര്‍ പി റേറ്റിംഗാണ് സീരിയലുകളുടെ കഥാഗതി നിര്‍ണയിക്കുന്നത്. വയലന്‍സും സെക്സും കാണികളെ ആകര്‍ഷിക്കുന്ന ചേരുവകളും ഉണ്ടെങ്കിലേ കാണികളുടെ എണ്ണം കൂടുകയും ടി ആര്‍ പി റേറ്റ് വര്‍ധിക്കുകയും ചെയ്യൂ. സീരിയലുകളുടെ പ്രമേയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഉപദേശിച്ചതു കൊണ്ടോ നിര്‍ദേശിച്ചതു കൊണ്ടോ ആയില്ല. സെന്‍സറിംഗ് ഏര്‍പ്പെടുത്തി, യുവതലമുറയെ വഴിതെറ്റിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സീരിയലുകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് അധികൃതരുടെ മുമ്പിലുള്ള മാര്‍ഗം. ഇവിടെയാണ് വനിതാ കമ്മീഷന്റെയും പഠന സമിതിയുടെയും നിര്‍ദേശങ്ങളുടെ പ്രസക്തി.