First Gear
സ്വിസ് ഇ-മൊബിലിറ്റി ഗ്രൂപ്പിനെ ഏറ്റെടുത്ത് ടിവിഎസ്
100 മില്യണ്‍ ഡോളറിനാണ് ഈ ഇടപാടെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂഡല്‍ഹി| യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ വ്യക്തിഗത ഇ-മൊബിലിറ്റി വിപണിയില്‍ വലിയ മുന്നേറ്റം നടത്തുന്ന കമ്പനിയാണ് ടിവിഎസ് മോട്ടോര്‍. കമ്പനി കഴിഞ്ഞദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ഇ-ബൈക്ക് കമ്പനികളില്‍ ഒന്നായ സ്വിസ് ഇ-മൊബിലിറ്റി ഗ്രൂപ്പിന്റെ (എസ്ഇഎംജി) 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. 100 മില്യണ്‍ ഡോളറിനാണ് ഈ ഇടപാടെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിവിഎസ് മോട്ടോറിന്റെ സിംഗപ്പൂര്‍ സബ്സിഡിയറി ആയ ടിവിഎസ് മോട്ടോര്‍ പിടിഇ വഴിയുള്ള മുഴുവന്‍ പണമിടപാടിലാണ് ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
100 മില്യണ്‍ ഡോളറിനടുത്ത് വരുമാനമുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ പ്യുവര്‍-പ്ലേ ഇ-ബൈക്ക് റീട്ടെയില്‍ ശൃംഖലയായ എം-വേ പ്രവര്‍ത്തിപ്പിക്കുന്ന ഡിഎസിഎച്ച് മേഖലയിലെ ഇ-മൊബിലിറ്റി സൊല്യൂഷനുകളുടെ വിപണിയിലെ മുന്‍നിര ദാതാവാണ് എസ്ഇഎംജി. സിലോ, സിംപല്‍, അല്ലെഗ്രോ, സെനിത്ത് എന്നിവയുള്‍പ്പെടെ, എസ്ഇഎംജിക്ക് അഭിമാനകരമായ സ്വിസ് മൊബിലിറ്റി ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോ ഉണ്ട്.
ഈ വര്‍ഷം അവസാനത്തോടെ എസ്ഇഎംജി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും കമ്പനി എത്തിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ വ്യക്തമാക്കി. നിലവില്‍, ഉല്‍പ്പന്നങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മ്മനിയിലും ലഭ്യമാണ്. ഇ-ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ കാര്യമായ വിപണിയുണ്ടാകും. അടുത്ത വര്‍ഷത്തോടെ ബാക്കിയുള്ള 25 ശതമാനം ഓഹരി വാങ്ങാനാണ് ടിവിഎസ് മോട്ടോര്‍ പദ്ധതിയിടുന്നത്.