Ongoing News
ബംഗ്ലാദേശിനെതിരായ ട്വന്റി 20; ഇന്ത്യക്ക് മികച്ച സ്കോർ
നിതീഷ് കുമാർ റെഡ്ഡിയുടെയും റിങ്കു സിങ്ങിന്റെയും മികച്ച പ്രകടനമാണ് സ്കോർ 200 കടത്തിയത്.
ന്യൂഡൽഹി | ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 221 റൺസെടുത്തു. നിതീഷ് കുമാർ റെഡ്ഡിയുടെയും റിങ്കു സിങ്ങിന്റെയും മികച്ച പ്രകടനമാണ് സ്കോർ 200 കടത്തിയത്. അതേസമയം, മലയാളി താരം സഞ്ജു സാംസന്റെ പ്രകടനം നിരാശാജനകമായി. ഏഴ് പന്തിൽ 10 റൺസാണ് സഞ്ജു നേടിയത്.
5.3 ഓവറിൽ മൂന്നിന് 41 എന്ന നിലയിൽ തകർന്ന് നിൽക്കുന്ന സമയത്താണ് നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങ് കൂട്ടുകെട്ടിൽ റണ്ണൊഴുക്ക് തുടങ്ങുന്നത്. 49 പന്തിൽ 108 റൺസ് ചേർത്ത് ഇരുവരും സ്കോർബോർഡ് ശക്തമായ നിലയിലേക്ക് ഉയർത്തുകയായിരുന്നു. ഒരു റൺസുമായി മായങ്ക് യാദവും റൺസെടുക്കാതെ വാഷിങ്ടൺ സുന്ദറും പുറത്താകാതെനിന്നു.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ്, തൻസിം ഹസൻ ഷാകിബ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ രണ്ട് വീതം പേരെ മടക്കി.